ആലപ്പുഴ: ആലപ്പുഴ മുഹമ്മയില്‍ കേരള വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ ഗൃഹനാഥൻ അറസ്റ്റിൽ. ജൂലൈ ഒൻപതിന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കണക്ഷൻ വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥരെ മർദിച്ച സംഭവത്തില്‍ തണ്ണീർമുക്കം സ്വദേശി അകത്തോട്ട് വീട്ടില്‍ ഗോപി ആണ് അറസ്റ്റിലായത്. ചേർത്തല വാട്ടർ അതോറിട്ടി പി എച്ച് സബ് ഡിവിഷൻ ഡിസ്കണക്ഷൻ സ്ക്വാഡിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗൃഹനാഥനെ പോലീസ് പിടികൂടിയത്.
മീറ്റർ തകരാറിലായതുമായി ബന്ധപ്പെട്ട് മുൻകൂട്ടി നോട്ടീസ് നല്‍കിയശേഷമാണ് കണക്ഷൻ വിച്ഛേദിക്കുന്നതിനായി ഉദ്യോഗസ്ഥർ ഗോപിയുടെ വീട്ടിലെത്തുന്നത്. ഉച്ചയ്ക്ക് രണ്ടേകാലോടെ തന്റെ വീട്ടില്‍ വന്ന ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യവർഷം നടത്തിയ ഗോപി വധഭീഷണി മുഴക്കുകയും ചെയ്തു. മാത്രമല്ല ഇയാള്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറെയും ഡ്രൈവറെയും ആക്രമിക്കാൻ ശ്രമിച്ചു. തടയാനെത്തിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറെ തള്ളുകയും ഡ്രൈവറുടെ ഇടത് കവിളില്‍ അടിക്കുകയും നെഞ്ചില്‍ പിടിച്ച് തള്ളുകയും ചെയ്തു.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് ഗോപിയെ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർ ജേക്കബിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ്ബ് ഇൻസ്പെക്ടർ ഗിരീഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുജിത്ത്, അമല്‍ തുടങ്ങിയ ഉദ്യോഗസ്ഥരും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ചേർത്തല ജുഡീഷ്യല്‍ സെക്കൻഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






