മനുഷ്യ ശരീരത്തിൽ വെള്ളത്തിന്റെ പ്രധ്യാനം നമുക്ക് എല്ലാവര്ക്കും അറിയാം പക്ഷേ നമ്മളിൽ പലരും
ദാഹം തോന്നുമ്പോൾ മാത്രമാണ് വെള്ളം കുടിക്കുന്നത്.ആ ശീലം മാറ്റേണ്ട സമയമായെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ദാഹം അനുഭവപ്പെടുമ്പോഴേക്കും ശരീരത്തിൽ ജലാംശം കുറഞ്ഞുതുടങ്ങിയിരിക്കുമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
മനുഷ്യ ശരീരത്തിന്റെ ഏകദേശം 60 ശതമാനവും വെള്ളമാണ്. ശരീര താപനില നിയന്ത്രിക്കുക, പോഷകങ്ങൾ കോശങ്ങളിലെത്തിക്കുക, ദഹനപ്രക്രിയ സുഗമമാക്കുക, സന്ധികളുടെ പ്രവർത്തനം നിലനിർത്തുക, വൃക്കകളിലൂടെ മാലിന്യങ്ങൾ പുറന്തള്ളുക തുടങ്ങി ശരീരത്തിലെ മിക്ക പ്രവർത്തനങ്ങൾക്കും വെള്ളം നിർണായകമാണ്.
ശരീരത്തിലെ ജലത്തിന്റെ അളവ് കുറയാൻ തുടങ്ങുമ്പോൾ മസ്തിഷ്കത്തിലെ ഹൈപ്പോതാലാമസ് എന്ന ഭാഗമാണ് ദാഹത്തിന്റെ സിഗ്നൽ നൽകുന്നത്.
എന്നാൽ ഈ സിഗ്നൽ ലഭിക്കുമ്പോഴേക്കും ശരീരത്തിൽ ചെറിയ തോതിലുള്ള നിർജലീകരണം ആരംഭിച്ചിട്ടുണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിശദീകരണം.
അതുകൊണ്ടുതന്നെ ദാഹം തോന്നുന്നത് വരെ കാത്തിരിക്കാതെ ഇടവേളകളിൽ വെള്ളം കുടിക്കുന്നതാണ് കൂടുതൽ ആരോഗ്യകരമായ ശീലം.
വായ വരളുക, ക്ഷീണം അനുഭവപ്പെടുക, തലവേദന, തലകറക്കം, ശ്രദ്ധക്കുറവ്, മൂത്രത്തിന്റെ നിറം കടുംമഞ്ഞയാകുക, മൂത്രത്തിന്റെ അളവ് കുറയുക എന്നിവ ജലാംശക്കുറവിന്റെ ആദ്യ സൂചനകളാകാമെന്ന് വിദഗ്ധർ പറയുന്നു. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്.
വേനൽക്കാലത്തും കഠിനമായ ശാരീരിക അധ്വാനത്തിനിടയിലും ശരീരത്തിൽ നിന്ന് വിയർപ്പിലൂടെ കൂടുതൽ വെള്ളം നഷ്ടപ്പെടുന്നതിനാൽ അത്തരം സാഹചര്യങ്ങളിൽ ജലത്തിന്റെ അളവ് വർധിപ്പിക്കേണ്ടതുണ്ടെന്നും വിദഗ്ധർ പറയുന്നു.
ദീർഘനേരം വ്യായാമം ചെയ്യുന്നവർക്കോ കഠിനമായ ജോലികളിൽ ഏർപ്പെടുന്നവർക്കോ ചില സാഹചര്യങ്ങളിൽ ഇലക്ട്രോലൈറ്റുകൾ അടങ്ങിയ പാനീയങ്ങളും ആവശ്യമായി വന്നേക്കാം.






