ഇടുക്കി: നഗരസഭാ കോമ്പൗണ്ടിൽ എത്തുന്നവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് കൗതുകമുണർത്തുന്ന കാഴ്ചയായി മാർവൽ സൂപ്പർ ഹീറോ സ്പൈഡർമാൻ.
പ്ലാസ്റ്റിക് കുപ്പികളും മറ്റ് അജൈവ മാലിന്യങ്ങളും റീസൈക്കിൾ ചെയ്ത് നിർമ്മിച്ച ഉയരമേറിയ സ്പൈഡർമാൻ ശിൽപമാണ് നഗരസഭാ ഓഫീസ് കോമ്പൗണ്ടിൽ ശ്രദ്ധാകേന്ദ്രമാകുന്നത്. നഗരസഭയിലെത്തുന്ന പൊതുജനങ്ങളും കുട്ടികളും ശിൽപത്തിനൊപ്പം സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ്.
ഹരിതകേരളം മിഷന്റെയും നഗരസഭയുടെയും 'വേസ്റ്റ് ടു ആർട്ട്' പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗമാണ് ശിൽപം ഒരുക്കിയത്. നഗരപ്രദേശത്തെ ബോട്ടിൽ ബൂത്തുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, പഴയ ഇരുമ്പ് കമ്പികൾ എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം. നഗരസഭാ ജീവനക്കാരും പ്രാദേശിക കലാകാരന്മാരും ചേർന്നാണ് ശിൽപം യാഥാർത്ഥ്യമാക്കിയത്.
"ഒരു പ്ലാസ്റ്റിക് കുപ്പി മണ്ണിൽ അലിയാൻ 450 വർഷം വേണം. അത് ചവറ്റുകുട്ടയിൽ എറിയുമ്പോൾ മാലിന്യമാണ്. സ്പൈഡർമാൻ വന്ന് നമ്മളെ രക്ഷിക്കുന്നത് പോലെ, നമ്മുടെ നാടിനെ മലിനീകരണത്തിൽ നിന്ന് രക്ഷിക്കാൻ എത്തുന്ന രക്ഷകന്റെ പ്രതീകമായാണ് ഈ ഇൻസ്റ്റലേഷൻ ആവിഷ്കരിച്ചിരിക്കുന്നത്" - നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു.
സാധാരണ ബോർഡ് വെച്ചുള്ള ബോധവൽക്കരണത്തിന് പകരം കുട്ടികളിൽ പുനരുപയോഗത്തിന്റെ പാഠം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. വരും ദിവസങ്ങളിൽ നഗരസഭയിലെ എല്ലാ സ്കൂളുകളിൽ നിന്നുമുള്ള കുട്ടികൾക്കായി 'വേസ്റ്റ് ആൻഡ് ആർട്ട്' ശിൽപശാലയും സംഘടിപ്പിക്കും.
നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ, സെക്രട്ടറി അജി കെ. തോമസ്, ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോൺ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപ് രാജ് ഡി, അനുപ്രിയ കെ.എസ്, അമ്പിളി ബി.എം, രജിത ഐ, ശുചിത്വമിഷൻ യംഗ് പ്രൊഫഷണൽ പ്രവീണ ശിരീഷ്, ജീവനക്കാരായ ബിബിൻ തോമസ്, ബിജു മാത്യു, മനുബാബു, ഹരിതകർമ്മസേന അംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ നേതൃത്വം നൽകി.






