പീരുമേട് : വാഗമൺ അഡ്വഞ്ചർ പാർക്കിലെ ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികൾക്കായി തുറന്നു നൽകാൻ ധാരണ. ഇതിന്റെ മുന്നോടിയായി ബ്രിഡ്ജ് ബലപ്പെടുത്തുന്ന ജോലികൾ ആരംഭിച്ചു. സർക്കാർ നിയോഗിച്ച കാലിക്കറ്റ് എൻഐടിയിലെ വിദഗ്ധ സമിതിയുടെ നിർദേശത്തെ തുടർന്നാണ് ഗ്ലാസ് ബ്രിഡ്ജിൽ നവീകരണം നടക്കുന്നത്.
ബ്രിഡ്ജ് അപ്ഗ്രേഡ് ചെയ്ത ശേഷം എൻഐടിയുടെ മേൽനോട്ടത്തിൽ ബലം പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ പൊതു ജനത്തിനു തുറന്നു നൽകുകയുള്ളൂ. ഇവിടെ നടക്കുന്ന ജോലികൾ ഒരു മാസം നീണ്ടു നിൽക്കുമെന്നാണ് വിവരം.
കൊച്ചി ആസ്ഥാനമായിട്ടുള്ള ഭാരത് മാതാ വെഞ്ച്വേഴ്സ് ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ചേർന്ന് പിപിപി മോഡലിലാണ് അഡ്വഞ്ചർ പാർക്ക് നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ഒൻപതു മാസമായി ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ടിരിക്കുകയായിരുന്നു.






