തിരുവനന്തപുരം: തനിക്കുമെതിരെയും കുടുംബത്തിനെതിരെയും ചില ഓണ്‍ലൈൻ മാധ്യമങ്ങളും യൂട്യൂബ് ചാനലുകളും നിരന്തരം അധിക്ഷേപകരമായ വ്യാജവാർത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ പി.കെ.
ശ്രീമതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞു.
അന്തരിച്ച ഏതോ ഒരു മുൻ എംഎല്‍എയുടെ ഭാര്യയായി നടിച്ച് താൻ വ്യാജമായി ഫാമിലി പെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന തരത്തില്‍ തികച്ചും അടിസ്ഥാനരഹിതവും അപകീർത്തികരവുമായ വാർത്തകള്‍ നല്കിയ മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടിയും ക്രിമിനല്‍ മാനനഷ്ടക്കേസും ഫയല്‍ ചെയ്യുമെന്ന് അവർ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനം ടിവി, ഭാരത് ലൈവ്, കർമ്മ ന്യൂസ് തുടങ്ങിയ ചാനലുകളിലും കണ്ണൂരിലെ 'സുദിനം' എന്ന സായാഹ്ന പത്രത്തിലും തനിക്കെതിരെ കടുത്ത വ്യക്തിഹത്യയാണ് നടക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.
"ഇത്രയും വള്‍ഗറായി അവതരിപ്പിക്കുമ്പോള്‍ ഒരു വാക്ക് എന്നോട് ചോദിച്ചോ?" വളരെയധികം മനഃപ്രയാസത്തോടെയാണ് താൻ മാധ്യമങ്ങളെ കാണുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പി.കെ. ശ്രീമതി തന്റെ സങ്കടം പങ്കുവെച്ചത്.
ഏതോ ഒരു പി.ആർ. കൃഷ്ണൻ എന്ന് പറയുന്ന എംഎല്‍എ ഉണ്ടത്രേ. ആ വ്യക്തിയുടെ ഭാര്യയായി അഭിനയിച്ച് ഞാൻ നിയമസഭയില്‍ നിന്ന് ഫാമിലി പെൻഷൻ വാങ്ങുന്നു എന്നാണ് വാർത്ത. കേട്ടാല്‍ വിശ്വസിച്ചു പോകുന്ന വിധത്തില്‍, വളരെ വള്‍ഗർ (അശ്ലീല) ആയിട്ടാണ് ചില പെണ്‍കുട്ടികള്‍ ഈ വാർത്ത ചാനലുകളില്‍ അവതരിപ്പിക്കുന്നത്.
17-ാം വയസ്സില്‍ സ്കൂള്‍ കാലഘട്ടം മുതല്‍, പ്രത്യേകിച്ച് അധ്യാപക രംഗത്തും പൊതുരംഗത്തുമായി 50 കൊല്ലമായി ഞാൻ ഈ സമൂഹത്തിലുണ്ട്. എന്നിട്ട് ആ വാർത്ത ചെയ്യുന്നവർ ഒരു വാക്ക് എന്നോട് ചോദിച്ചോ? വസ്തുതകള്‍ അന്വേഷിക്കാതെ ഒരു പൊതുപ്രവർത്തകയെ സമൂഹത്തില്‍ നാറ്റിക്കുക എന്ന ദുരുദ്ദേശ്യത്തോടെയല്ലേ ഇത് ചെയ്യുന്നത്?"
അങ്ങനെയൊരു മുൻ എംഎല്‍എ ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും പാലക്കാട്ടോ തൃശൂരോ അങ്ങനെ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ ഇല്ലെന്നാണ് അറിഞ്ഞതെന്നും അവർ പറഞ്ഞു. ആരാണ് ഈ കൃഷ്ണൻ എന്ന് തനിക്കറിയില്ല. പണത്തിനു വേണ്ടി താൻ എന്തും ചെയ്യുന്നവളാണെന്ന തരത്തിലുള്ള പ്രചാരണം താങ്ങാൻ കഴിയുന്നതിലും അപ്പുറമാണെന്ന് അവർ പറഞ്ഞു.
തനിക്കെതിരെ ഉയർന്നുവന്ന ഈ മാരകമായ ആരോപണത്തെക്കുറിച്ച് കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഒരു മാധ്യമപ്രവർത്തകൻ പോലും എന്താണ് വസ്തുത എന്ന് തന്നോട് ചോദിക്കാൻ തയ്യാറാകാത്തതിലുള്ള കടുത്ത നിരാശയും അവർ മറച്ചുവെച്ചില്ല.
പല ഘട്ടങ്ങളിലായി തനിക്കെതിരെ ഇത്തരത്തില്‍ നിരവധി തെറ്റായ വാർത്തകള്‍ വന്നിട്ടുണ്ടെന്നും, ഇതിന് പിന്നില്‍ രാഷ്ട്രീയ ശത്രുക്കള്‍ ആർക്കെങ്കിലും പങ്കുണ്ടോ എന്ന് സംശയിക്കുന്നതായും അവർ വ്യക്തമാക്കി.
ഈ അപകീർത്തികരമായ വാർത്തകളുടെ വീഡിയോകളും പത്രത്തിന്റെ കോപ്പികളും ഇതിനകം തന്നെ ശേഖരിച്ചിട്ടുണ്ടെന്നും, അടിയന്തര നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ഇവയെല്ലാം തന്റെ അഭിഭാഷകന് കൈമാറിയതായും പി.കെ. ശ്രീമതി അറിയിച്ചു.
ഇത്രയും കൊള്ളരുതാത്ത വാർത്തകള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ കാണത്തക്ക വിധത്തില്‍ പ്രചരിപ്പിച്ചവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.






