തിരുവനന്തപുരം: വ്യക്തിപരമായ അസൗകര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ശാസ്തമംഗലം കൗണ്‍സിലറുമായ ആർ ശ്രീലേഖ രാജിക്കത്ത് നല്‍കിയിരുന്നതായി മേയർ വി വി രാജേഷ്.
സെക്രട്ടറിക്കാണ് രാജിക്കത്ത് നല്‍കേണ്ടത്. അസൗകര്യങ്ങള്‍ പരിഹരിക്കാനുള്ള മാർഗങ്ങള്‍ പരിശോധിക്കുകയാണ്. പാർട്ടിയില്‍ ആർക്കും ഒരു പദവിയും വാഗ്ദാനം ചെയ്യാനാകില്ലെന്നും മേയർ വ്യക്തമാക്കി.
പാർട്ടിയില്‍ ഓരോ പ്രവർത്തകന്റെയും ശേഷി വിലയിരുത്തിയാണ് ഓരോ സ്ഥാനങ്ങള്‍ നല്‍കുന്നത്. എല്ലാവരുടെ കാര്യത്തിലും ഇത് പരിഗണിക്കാറുണ്ട്. രാഷ്ട്രീയ പാർട്ടിയുടെ സമ്മർദ്ദങ്ങള്‍ക്ക് വഴങ്ങുന്നയാളല്ല ശ്രീലേഖ. വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. വിഷയത്തില്‍ പാർട്ടി നേതൃത്വം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും മേയർ വ്യക്തമാക്കി.
തിരുവനന്തപുരം മേയർ വി വി രാജേഷിന് സെപ്തംബർ 30നാണ് ശ്രീലേഖ രാജിക്കത്ത് നല്‍കിയത്. ജില്ലാ കളക്ടർക്കും ഉടൻ വിവരം കൈമാറും. ബിജെപി നേതൃത്വവുമായുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് വിവരം. എന്നാല്‍ സ്വകാര്യ കാരണങ്ങളെത്തുടർന്നാണ് രാജിയെന്നാണ് ശ്രീലേഖയുടെ വിശദീകരണം.
ശ്രീലേഖ രാജിവച്ചതോടെ തിരുവനന്തപുരം കോർപറേഷനില്‍ ബിജെപി ഭരണ പ്രതിസന്ധി നേരിടാൻ സാദ്ധ്യതയേറിയിരിക്കുകയാണ്. നിലവിലുള്ള ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി ചുരുങ്ങുകയും ചെയ്തു. കാപ്പ കേസില്‍ അറസ്റ്റിലായ ബിജെപി കൗണ്‍സിലർ സുഗതൻ ഇപ്പോഴും ജയിലില്‍ തുടരുകയാണ്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി കോർപറേഷൻ ഭരിക്കുന്നത്. ഇതിനിടെയാണ് നേതൃത്വത്തെയും ഞെട്ടിച്ചുകൊണ്ടുള്ള ശ്രീലേഖയുടെ രാജി






