തൃശൂര്‍ : പുലിക്കളി വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്. തൃശൂരിലേത് സിങ്കിള്‍ തീം കാര്‍ണിവല്‍ ആണെന്ന് മനസിലാക്കാതെയുള്ള അഭിപ്രായ പ്രകടനം പക്വതയുള്ളതായിരുന്നില്ലെന്നാണ് ഖേദക്കുറിപ്പ്. വൈകൃതം കലയ്ക്കുവേണ്ടി ഉപയോഗിക്കുന്നത് ആഭാസമെന്നായിരുന്നു ശ്രീരാമന് നേരത്തെ വിമര്‍ശിച്ചത്. വിവാദ പരാമർശത്തിന് പിന്നാലെ ശ്രീരാമനെതിരെ പുലിക്കളി സംഘങ്ങളും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പടെയുള്ളവരും രംഗത്തുവന്നിരുന്നു.
തൃശൂര്‍ സ്വരാജ് റൗണ്ടില്‍ പുലിക്കളി നടത്താനുള്ള ഒരുക്കങ്ങളുമായി വിവിധ ദേശങ്ങള്‍ മുന്നോട്ട് പോകുമ്പോഴായിരുന്നു വി കെ ശ്രീരാമന്റെ വിമര്‍ശനം. കണ്ടാല്‍ ഓക്കാനം വരുന്ന കലാവൈകൃതം ലോകത്ത് ഒരിടത്തുമില്ലെന്നായിരുന്നു ശ്രീരാമന്റെ വിമര്‍ശനം.
ശ്രീരാമന്റെ പ്രസ്താവന അനുചിതമാണെന്ന് സുരേഷ് ഗോപി ഉള്‍പ്പടെയുള്ള പ്രമുഖര്‍ അഭിപ്രായപ്പെട്ടു. ശ്രീരാമന് നടത്തിയത് ബോഡി ഷെയിമിങ് ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നും അയ്യന്തോള്‍ ദേശം ഉള്‍പ്പടെ ഉള്ളവര്‍ പ്രതികരിച്ചു. പിന്നാലെയാണ് ഫേസ്ബുക്കില്‍ വിശദീകരണ കുറിപ്പിറക്കി ഖേദം പ്രകടിപ്പിച്ചത്.






