പരിയാരം: ഭർത്താവുള്ള യുവതിയെ ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോള്‍ ചെയ്യിച്ച കേസില്‍ അറസ്റ്റിലായ യുവാവ് പതിനേഴോളം സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകർത്തിയതായി സൂചന.
കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് സ്വദേശിനിയുടെ പരാതിയില്‍ പിടിയിലായ തിമിരി സ്വദേശിയും തെയ്യം കലാകാരനുമായ ലിജേഷിന്റെ (39) മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഈ നിർണ്ണായക വിവരങ്ങള്‍ പുറത്തുവന്നത്. സംഭവത്തിന് പിന്നാലെ കൂടുതല്‍ സ്ത്രീകള്‍ ഫോണ്‍ വഴി പോലീസിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അടുത്ത ദിവസങ്ങളില്‍ തന്നെ ഇവർ രേഖാമൂലം പോലീസില്‍ പരാതി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
2025 ഒക്ടോബർ ആറിനും 2026 ജൂലൈ ആറിനും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ യുവതിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി വാട്സ്ആപ്പ് വീഡിയോ കോള്‍ വഴി നഗ്നതാ പ്രദർശനം നടത്താൻ പ്രതി നിർബന്ധിക്കുകയായിരുന്നു. വീഡിയോ കോളിനിടെ നഗ്ന ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകള്‍ എടുത്തുവെച്ച ശേഷം, ഇത് സോഷ്യല്‍ മീഡിയ വഴി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് വീണ്ടും വീഡിയോ കോള്‍ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും യുവതി അതിന് തയ്യാറായില്ല.
തുടർന്നും യുവതിയെ നിരന്തരം പിന്തുടർന്ന് ഭീഷണിപ്പെടുത്തിയ ലിജേഷ്, ഇവരുടെ നഗ്നചിത്രങ്ങള്‍ സ്വന്തം സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും നവമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവെച്ച സുഹൃത്തുക്കള്‍ക്കെതിരെയും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാനും കേസെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.






