കുമരകം: കുമരകത്തെ മത്സ്യ തൊഴിലാളികളുടെ മനസ് നിറയ്ക്കുന്ന ദിവസങ്ങളാണ് ഇപ്പോൾ കടന്നുപോകുന്നത്. കാരണം മറ്റൊന്നുമല്ല ധാരാളമായി കൊഞ്ച് കിട്ടുന്നതാണ് മത്സ്യതൊഴിലാളികൾക്ക് സന്തോഷം നൽകുന്നത്.
കരിമീനിന്റെയും മറ്റു മത്സ്യങ്ങളുെടെയും ലഭ്യത കുറഞ്ഞുവെങ്കിലും കൊഞ്ച് ലഭിച്ചുതുടങ്ങിയത് മത്സ്യത്തൊഴിലാളികൾക്കു അനുഗ്രഹമായി മാറി.
രണ്ടിനം കൊഞ്ചുകളാണ് പ്രധാനമായും കായലിൽനിന്നു ലഭിക്കുന്നത്. താമരക്കാലനും പെട്ടക്കാലനും. പെട്ടക്കാലൻ കൊഞ്ചിനാണ് വലിപ്പം കൂടുതൽ. അവയുടെ കാലുകൾക്ക് ശരീരത്തേക്കാൾ മൂന്നിരട്ടി നീളമുണ്ട്. ഇവയ്ക്ക് 300 മുതൽ 500 ഗ്രാം വരെ തൂക്കമുണ്ട്. ശരീരത്തിന്റെയും കാലുകളുടെയും വലിപ്പക്കുറവാണ് താമരക്കാലനെ വ്യത്യസ്തമാക്കുന്നത്. ഇവയ്ക്കു 200 മുതൽ 350 ഗ്രാം വരയേതൂക്കമുണ്ടാകൂ.
കൊഞ്ചുകൾക്ക് കയറ്റുമതി മേഖലയിൽ വൻ ഡിമാൻഡാണ്. വലിപ്പവും തൂക്കവും അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. ഇപ്പോൾ വലിയ കൊഞ്ചിനു കിലോഗ്രാമിന് 1,000 രൂപവരെ വില ലഭിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളിക്കു ശരാശരി നാ ലു കിലോഗ്രാം വരെ കൊഞ്ച് ഇപ്പോൾ ദിവസേന ലഭിക്കുന്നുണ്ട്.
കായലിലെ ചെളിനീക്കം ചെയ്യുന്നതിൻ്റെ പേരിൽ കായൽ മണ്ണ് ഡ്രഡ്ജ് ചെയ്തെടുക്കു ന്നതിനാൽ കായിലിന്റെ അടിത്തട്ടിൽ ആഴംകൂടി ഉപ്പ് വെള്ളം പ്രവേശിക്കുന്നതാണ് കൊഞ്ചിന്റെ ഉത്പാദനം കൂടാൻ കാരണമെന്ന് കുമരകം കാർഷിക ഗവേഷകേന്ദ്രം മുൻ മേധാവി ഡോ. കെ.ജി. പദ്മകുമാർ പറഞ്ഞു.
കുമരകത്തേക്ക് ധാരാളം ആളുകൾ കൊഞ്ച് തേടി വരുന്നുണ്ട്.






