കോട്ടയം: വേമ്പനാട്ടുകായലിലെ കക്ക സമ്പത്ത് അതിവേഗത്തിൽ കുറഞ്ഞുവരുന്നതായി കുട്ടനാട് കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോർട്ട്.
തണ്ണീർമുക്കം ബണ്ടിന്റെ വടക്കുഭാഗത്ത് ആഴത്തിൽ നടത്തുന്ന മണൽവാരൽ കക്കകളുടെ ആവാസവ്യവസ്ഥയെയും പ്രജനനത്തെയും ഗുരുതരമായി ബാധിക്കുന്നുവെന്നാണ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഒരുകാലത്ത് പ്രതിവർഷം 40,000 ടൺ വരെ കക്ക ഉൽപാദനം നടന്നിരുന്ന വേമ്പനാട്ടുകായലിൽ ഇപ്പോൾ അത് 25,000 ടണ്ണായി കുറഞ്ഞു. കക്ക വാരി ഉപജീവനം നടത്തിയിരുന്ന മത്സ്യത്തൊഴിലാളികളുടെ എണ്ണവും 20,000ൽ നിന്ന് 6,800 ആയി ചുരുങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെ ആകെ കക്ക ഉൽപാദനത്തിന്റെ 70 ശതമാനത്തിലേറെയും ലഭിക്കുന്നത് വേമ്പനാട്ടുകായലിൽ നിന്നാണ്. ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കക്കകളുടെ പ്രജനന കാലത്താണ് തണ്ണീർമുക്കം ബണ്ടിന്റെ വടക്കുഭാഗത്ത് ആഴത്തിൽ മണൽവാരൽ നടന്നത്. ദേശീയപാത നിർമാണത്തിനായി മണൽ ശേഖരിക്കാനായിരുന്നു ഈ ഖനനം.
കായലിന്റെ സംഭരണശേഷി വർധിപ്പിക്കാൻ എക്കൽ നീക്കണമെന്ന ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു പ്രവർത്തനങ്ങൾ ആരംഭിച്ചതെങ്കിലും, പിന്നീട് വൻ ശേഷിയുള്ള സക്ഷൻ ഡ്രജറുകൾ ഉപയോഗിച്ച് മണൽ വ്യാപകമായി വാരിയെടുത്തതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മണലിനൊപ്പം വാരിയെടുത്ത എക്കൽ പിന്നീട് വീണ്ടും കായലിലേക്ക് ഒഴുകിയെത്തിയതും പരിസ്ഥിതിക്ക് തിരിച്ചടിയായി. തണ്ണീർമുക്കം ബണ്ടിന്റെ വടക്കുഭാഗത്ത് ലവണാംശം കൂടുതലുള്ള ജലവും മൂവാറ്റുപുഴയാർ ഉൾപ്പെടെയുള്ള നദികളിൽ നിന്നുള്ള ശുദ്ധജലവും ഒരുമിച്ച് എത്തുന്നതിനാൽ കക്കകളുടെ പ്രജനനത്തിന് അനുയോജ്യമായ ക്ലാംസ് ബെഡുകൾ ഈ മേഖലയിലാണ് കൂടുതലായുള്ളത്. അതേസമയം, ബണ്ടിന്റെ തെക്കുഭാഗത്ത് ലവണാംശം കുറവായതിനാൽ അവിടത്തെ കക്ക ഉൽപാദനം വടക്കൻ മേഖലയെ അപേക്ഷിച്ച് 20 ശതമാനത്തിൽ താഴെയാണെന്നും പഠനം വ്യക്തമാക്കുന്നു.
തണ്ണീർമുക്കം ബണ്ടിന്റെ വടക്കുഭാഗത്ത് ഇനിയും ആഴത്തിൽ മണൽവാരൽ തുടർന്നാൽ കടൽജലത്തിന്റെ കടന്നുകയറ്റം വർധിച്ച് ലവണാംശം ഉയരാനും, കക്കകളുടെ പ്രജനനം ഗണ്യമായി കുറയാനും സാധ്യതയുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഇത് കക്ക സമ്പത്തിന് മാത്രമല്ല, കുട്ടനാട്ടിലെ നെൽക്കൃഷിയെയും പ്രതികൂലമായി ബാധിക്കുമെന്ന് കുട്ടനാട് കാർഷിക ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പത്മകുമാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.






