തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കെ എസ് യു പ്രവർത്തകർ അക്രമിച്ചെന്ന കേസില്‍ തെറ്റായി മൊഴി നല്കിയ മുൻഗണ്മാനെതിരെ നടപടി വന്നേക്കും.
വീണയുടെ മുൻ ഗണ്‍മാനായിരുന്ന അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് എസ്ഐടി ഉടൻ ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം.
അതേസമയം കേസില്‍ പ്രതികളായിരുന്ന കെ എസ് യു പ്രവർത്തകരുടെ മൊഴി എസ് ഐ ടി രേഖപ്പെടുത്തി.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വീണാ ജോര്‍ജിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ ഗണ്മാന് അഭിലാഷ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
ആയുധമുപയോഗിച്ച് പ്രതിഷേധക്കാര്‍ മന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ തിരുത്തി. വീണയെ അക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്നായിരുന്നു എസ്ഐടിക്ക് നല്കിയ മൊഴി.
വീണയുടെ നിര്‍ദേശ പ്രകാരമാണ് തെറ്റായ മൊഴി നല്‍കിയതെന്നും എസ്ഐടിക്കു മുന്നില്‍ വെളിപ്പെടുത്തി. ഇതോടെ വീണാ ജോർജാണ് കുരുക്കിലായത്. ഗണ്‍മാന്റെ മൊഴി മാറ്റം എസ്ഐടി ഗൗരവമായാണ് കാണുന്നത്. ഇക്കാര്യം വിശദമാക്കി ഇയാള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാകും എസ്ഐടി ഡിജിപിക്ക് നല്‍കുക.
ഇതിന്റെ അടിസ്ഥാനത്തില്‍ അഭിലാഷിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അതേസമയം സംഭവത്തില്‍ വീണാ ജോര്‍ജ് മാപ്പ് പറയണമെന്ന ആവശ്യവുമായി അബിന്‍ വര്‍ക്കി എംഎല്‍എയും രംഗത്തെത്തി.






