പാലക്കാട്: ഒറ്റപ്പാലം പനമണ്ണയില്‍ മഴക്കിടെ വീട് തകർന്നുവീണ് ഗൃഹനാഥന് പരിക്ക്. പുതുമനപ്പറമ്പില് 58കാരനായ വേലായുധനാണ് തലയ്ക്ക് പരിക്കേറ്റത്.
വീടിന്റെ മേല്‍ക്കൂര പൂർണമായും നിലംപൊത്തി.
കഴിഞ്ഞ ദിവസം അർദ്ധരാത്രി 12 മണിയോടെയാണ് ശക്തമായ മഴയ്ക്കിടെ വേലായുധന്റെ വീട് നിലംപൊത്തിയത്. വേലായുധനും ഭാര്യ 49 കാരിയായ ബേബിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചിതലെടുത്ത് ശോചനീയമായിരുന്ന വീടിന്റെ മേല്‍ക്കൂരയും ചുമരിന്റെ ചില ഭാഗങ്ങളുമാണ് തകർന്നത്. കട്ടിലിനു മുകളില്‍ കിടന്നുറങ്ങുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് ഓട് വീണാണ് വേലായുധന് തലയ്ക്ക് പരിക്കേറ്റത്.
ബേബിക്ക് കാലിനും പരിക്കേറ്റു. ബേബിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയാണ് തകർന്നുവീണ മേല്‍ക്കൂരയ്ക്ക് അടിയില്‍പ്പെട്ട ഇരുവരെയും കിടപ്പുമുറിക്കുള്ളില്‍ നിന്നും രക്ഷിച്ചത്.
ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടു സ്വത്തായ ഭൂമിയില്‍ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ അപേക്ഷകളെല്ലാം നല്‍കിയെങ്കിലും വീടിന് ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ലെന്ന് ഗൃഹനാഥൻ പറഞ്ഞു.
ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സണ്‍ ജയസുധയും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ചു. വീട് ഉടനെ വാസയോഗ്യമാക്കാൻ കഴിയാത്ത സാഹചര്യത്തില്‍ മനിശേരിയിലെ ബന്ധു വീട്ടിലേക്ക് താമസം മാറാൻ ഒരുങ്ങുകയാണ് ഇവർ.






