തിരുവനന്തപുരം : മുഖ്യമന്ത്രി വിഡി സതീശന്റെ വിവാദ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി. അഡ്വ. കെഎം ഷാജഹാനാണ് വിഡി സതീശനെതിരെ ലോകായുക്തയെ സമീപിച്ചത്. വിഡി സതീശന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കെഎം ഷാജഹാന് പരാതിയില്‍ പറഞ്ഞു. സതീശനെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു.
ഹെലികോപ്റ്ററിന്റെ കരാര്‍ നീട്ടാനുള്ള ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നുവെന്നും ഇതിനിടെയാണ് വിമാന യാത്രയെന്നും പരാതിയില്‍ പറഞ്ഞു. വിമാനച്ചെലവും സര്‍ക്കാര്‍ തീരുമാനവും തമ്മില്‍ ബന്ധമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിക്കോ ഓഫീസിനോ ചിപ്സണ്‍ ചെലവ് വഹിക്കുന്ന വിവരം അറിയാമായിരുന്നോ എന്നും പരിശോധിക്കണം എന്നും പരാതിയിൽ പറയുന്നുണ്ട്.
സര്‍ക്കാര്‍ ഫയലുകളും ഇന്‍വോയ്സും പണമിടപാട് രേഖകളും വിളിച്ചുവരുത്തണമെന്ന ആവശ്യവും കെഎം ഷാജഹാന് ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ സതീശന് യോഗ്യനല്ലെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും കെഎം ഷാജഹാന് ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21-ാം തീയതിയായിരുന്നു വി ഡി സതീശന്റെ വിവാദ മലപ്പുറം ഫ്ളൈറ്റ് യാത്ര. മലപ്പുറത്തുണ്ടായ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലുമുണ്ടായ നാശനഷ്ടങ്ങളും അടിയന്തര സാഹചര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായിരുന്നു മുഖ്യമന്ത്രി യാത്ര നടത്തിയത്.






