വാഴൂർ : കൊടുങ്ങൂര്‍ ടൗണിലെ കലുങ്കിനുള്ളില്‍ കുടുങ്ങിയ നായയേയും കുഞ്ഞുങ്ങളേയും പാമ്പാടി അഗ്നി രക്ഷാസേനയെത്തി രക്ഷിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പ്രദേശത്ത് പതിവായി കണ്ടു വന്നിരുന്ന നായ കുട്ടികളുമായി കലിങ്കിനുള്ളിലേയ്ക്ക് കയറുകയായിരുന്നു. മഴയില്‍ ചാക്കും മറ്റും അടിഞ്ഞ് കൂടി. അകത്ത് ചെറിയ സ്ഥലം ഉണ്ടായിരുന്നത്.
ഇതിനുള്ളില്‍ വെള്ളം കൂടി നിറഞ്ഞതോടെ ഇവര്‍ക്ക് പുറത്തു കടക്കാന്‍ കഴിയാതെ വന്നു. ജീവന് പോലും നഷ്ടപ്പെടുന്ന സ്ഥിതിയായി. നായകളുടെ കരച്ചില് കേട്ട് എത്തിയ വ്യാപാരികളും പ്രദേശവാസികളും ചേര്‍ന്ന് അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു.
20 അടിയോളം ഉള്ളിലായിരുന്നു നായയേയും കുട്ടികളെയും കാണപ്പെട്ടത്. സമീപത്തെ കടയില്‍ നിന്നും വലിയ പൈപ്പ് കൊണ്ടുവന്ന ശേഷം കുരുക്ക് ഉണ്ടാക്കി ഉദ്യോഗസ്ഥര്‍ കലിങ്കിനുള്ളില് പ്രവേശിച്ച് വളരെ പണിപെട്ടാണ് ഇവയെ പുറത്തെടുത്തത്. സീനിയര്‍ ഫയര്‍ റെസ്ക്യൂ ഓഫീസര്‍ എംഎന്‍ വിനോദ് കുമാര്‍, ബി കണ്ണന്, ഇ അന്‍ഷാദ്, സുദീപ് കുമാര്‍, മനോജ് നാരായണന് എന്നിവര്‍ ഫയര്‍ ഫോഴ്സ് സംഘത്തിലുണ്ടായിരുന്നു.






