കൊച്ചി: വാഴക്കുലകള്‍ക്കുള്ളില്‍ ലഹരിമരുന്ന് ഒളിപ്പിച്ച് ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചിരുന്ന സംഘത്തിലെ പ്രധാനി പിടിയില്‍.
"ഡാനി ഭായ്' എന്നറിയപ്പെടുന്ന ഹരിപ്പാട് പായിപ്പാട് വയ്യാപുരം വില്ലേജ് പറയ്യില് വീട്ടില്‍ ധനേഷ് എസ്. നായര്‍ (31) ആണ് അറസ്റ്റിലായത്. ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അങ്കമാലിയില്‍വച്ച് ഇയാളെ പിടികൂടിയത്. ലഹരിമരുന്ന് കടത്താന്‍ സംഘം ഉപയോഗിച്ചിരുന്ന രീതികള്‍ വ്യക്തമാക്കുന്ന വീഡിയോകളും മറ്റ് ദൃശ്യങ്ങളും പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍നിന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വാഴക്കുലകള്‍ക്കുള്ളില്‍ ലഹരിമരുന്ന് പൊതിഞ്ഞ് ഒളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിലുണ്ട്. അറസ്റ്റിലാകുമ്പോള്‍ ധനേഷിന്റെ പക്കല്‍നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു
ആലുവയില്‍ 185 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹരികൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഫോണില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയായ ധനേഷിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അങ്കമാലിയില്‍നിന്ന് ഇയാള്‍ പിടിയിലായത്. നിലവില്‍ മൈസൂരുവിന് സമീപം നഞ്ചന്ഗുഡുവിലാണ് ധനേഷ് താമസിക്കുന്നത്. ഇവിടെ ഇയാള്‍ക്ക് വാഴത്തോട്ടവും കൃഷിയിടങ്ങളുമുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കൃഷിയുടെ മറവില്‍ ലഹരിമരുന്ന് കടത്തും വിതരണവും നടത്തിയിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഡാനി ഭായ്' എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമിലൂടെ നല്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഹരികൃഷ്ണനും നേരത്തെ പിടിയിലായ ഷിനു സെബാസ്റ്റ്യനും ലഹരിമരുന്ന് വിതരണം ചെയ്തിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വ്യാപിച്ചുകിടക്കുന്ന ലഹരിവിതരണ ശൃംഖലയിലെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.






