മുണ്ടക്കയം: വന്യമൃഗശല്യത്തെ തുടർന്ന് ജനങ്ങള്‍ ഉപേക്ഷിച്ചുപോയ ആളൊഴിഞ്ഞ വീടുകള്‍ കേന്ദ്രീകരിച്ച് മുണ്ടക്കയം ഈസ്റ്റ് മേഖലയില്‍ വ്യാജമദ്യ നിർമ്മാണവും വില്പനയും വ്യാപകമാകുന്നു.
മതംബ, ചെന്നപ്പാറ, കൊമ്പൻപാറ ഭാഗങ്ങളിലെ വിജനമായ പ്രദേശങ്ങളാണ് സാമൂഹ്യവിരുദ്ധരുടെയും മദ്യമാഫിയയുടെയും പ്രധാന താവളം. പ്രദേശത്തെ കൈതത്തോട്ടങ്ങളില്‍ ഉള്‍പ്പെടെ ജോലിക്കായെത്തിയിട്ടുള്ള ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് വ്യാജമദ്യ നിർമ്മാണവും വിതരണവും സുഗമമാക്കാൻ വൻസംഘം സജീവമാണെന്നാണ് പരാതി. വനമേഖലയോട് ചേർന്നുനില്‍ക്കുന്ന കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലേക്കും ഇവിടെ നിന്നാണ് വ്യാജമദ്യം എത്തിക്കുന്നത്. വിജനമായ ഉള്‍പ്രദേശങ്ങളിലേക്ക് കൃത്യമായ റോഡ് സൗകര്യമില്ലാത്തത് മദ്യമാഫിയയ്ക്ക് ഒളിത്താവളങ്ങള്‍ ഒരുക്കാൻ അനുകൂലഘടകമാണ്. പൊലീസിനും എക്സൈസ് ഉദ്യോഗസ്ഥർക്കും പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്ത തരത്തിലുള്ള തകർന്ന റോഡുകളാണ് ഈ ഭാഗങ്ങളിലുള്ളത്.
നിരീക്ഷിക്കാനും ആളുണ്ട്
എക്സൈസ് - പൊലീസ് പരിശോധനകളെ പ്രതിരോധിക്കാൻ വൻ സജ്ജീകരണങ്ങളാണ് സംഘം ഒരുക്കിയിരിക്കുന്നത്. പരിശോധനയ്ക്കായി എത്തുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ മുൻകൂട്ടി അറിയാൻ പ്രത്യേക നിരീക്ഷണ സംവിധാനങ്ങളുണ്ട്. ഒപ്പം കാവല്‍ക്കാരെയും വിന്യസിച്ചിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈ രഹസ്യ ശൃംഖലയുള്ളതിനാല്‍ തങ്ങള്‍ സുരക്ഷിതരാണെന്നാണ് ഇവരുടെ വിചാരം.
ആരോഗ്യ , ക്രമസമാധാന ഭീഷണിവീര്യം കൂട്ടാനായി രാസവസ്തുക്കള്‍ ഉള്‍പ്പെടെ ചേർത്ത് നിർമ്മിക്കുന്ന വ്യാജമദ്യം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും ജീവഹാനിക്കുപോലും കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാജമദ്യത്തിന്റെ ഉപയോഗം വർദ്ധിക്കുന്നത് പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കുന്നുണ്ട്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഈ ഭാഗത്ത് വ്യാപക പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൊലീസും എക്സൈസും കടന്നു ചെല്ലാൻ കഴിയാത്ത മേഖലകളില്‍ മദ്യം നിർമ്മിച്ച് ഇടനിലക്കാർ മുഖേനയാണ് വില്പന
കാടുപിടിച്ച് കിടക്കുന്ന എസ്റ്റേറ്റ് മേഖലകളും, തകർന്നു കിടക്കുന്ന റോഡുകളും എല്ലാം ഇവർക്ക് മറയാക്കുന്നു
''വിജനമായ സ്ഥലങ്ങള്‍ സാമൂഹ്യ വിരുദ്ധർ കൈയേറുകയാണ്. തീർത്തും സാധാരണക്കാർ താമസിക്കുന്ന ഇടങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജമദ്യസംഘം പിടിമുറുക്കുന്നത് ആശങ്കയുണർത്തുന്നു. എക്സൈസും പൊലീസും സംയുക്തമായി പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






