കൊച്ചി: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ കൂടുതലായി ഇറക്കാനാണ് റെയില്‍വെ മന്ത്രാലയത്തിന്റെ തീരുമാനം.
അടുത്തിടെ രണ്ട് വന്ദേഭാരത് സ്ലീപ്പര്‍ കൂടി സര്‍വീസ് ആരംഭിച്ചു. അതിലൊന്ന് ബെംഗളൂരുവിലേക്കാണ്. ഈ ട്രെയിന്‍ യാത്രയ്ക്ക് വളരെ മുമ്പുതന്നെ ബുക്ക് ചെയ്യണം എന്നതാണ് എടുത്തു പറയേണ്ട കാര്യം. അവസാന നിമിഷം ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ സാധിക്കില്ല.
തത്കാല്‍ ടിക്കറ്റ് ബുക്കിങ് സൗകര്യം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ ഇല്ല. ടിക്കറ്റ് നിരക്കില്‍ യാത്രക്കാര്‍ കൂടുന്നതിന് അനുസരിച്ച് മാറ്റം വരുന്ന രീതിയുമില്ല. നിശ്ചിത ടിക്കറ്റ് നിരക്ക് തന്നെയാകും തുടരുക.
പതിവ് റിസര്‍വേഷന്‍ സംവിധാനങ്ങള്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. വെയ്റ്റിങ് ലിസ്റ്റ് ഇല്ല എന്നതും എടുത്തു പറയണം. ടിക്കറ്റ് എടുത്ത് ട്രെയിനില്‍ കയറി ബെര്‍ത്ത് തരപ്പെടുത്തുന്ന രീതി വന്ദേഭാരത് സ്ലീപ്പറില്‍ നടക്കില്ല.
മേല്‍പ്പറഞ്ഞതില്‍ നിന്ന് വ്യക്തമാകുന്ന ഒരു കാര്യം, അവസാന നിമിഷത്തിലുള്ള ബുക്കിങ് നടക്കില്ല എന്നാണ്. യാത്ര വളരെ നേരത്തെ തീരുമാനിക്കുകയും ഉടനെ ബുക്ക് ചെയ്ത് സീറ്റ് ഉറപ്പാക്കുകയും വേണം.
യാത്രാ തിയ്യതിയോട് അടുത്തു വരുന്ന വേളയില്‍ ടിക്കറ്റ് കിട്ടാന്‍ സാധ്യത കുറവാണ്. 16 കോച്ചുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ആണ് നിലവില്‍ രാജ്യത്ത് സര്‍വീസ് നടത്തുന്നത്. വൈകാതെ 24 കോച്ചാക്കി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ 823 പേര്‍ക്ക് യാത്ര ചെയ്യാനാണ് സാധിക്കുക. ട്രെയിന്‍ മൊത്തം എസി കോച്ചുകളാണ് എന്നതും എടുത്തു പറയണം.
ഫസ്റ്റ് ക്ലാസില്‍ 24 ബെര്‍ത്തുണ്ട്. സെക്കന്റ് ക്ലാസില്‍ 188 ബെര്‍ത്തുകളാണുള്ളത്. തേഡ് ക്ലാസില്‍ 611 ബെര്‍ത്തുകളും. ചില ബെര്‍ത്തുകള്‍ സ്ത്രീകള്‍ക്കും റെയില്‍വെ ജോലിക്കാര്‍ക്കും വേണ്ടി മാറ്റിവെച്ചിട്ടുള്ളതാണ്.
തേഡ് ക്ലാസില്‍ ആറ് ബെര്‍ത്തുകള്‍ വനിതകള്‍ക്ക് വേണ്ടി മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ 21 ബെര്‍ത്തുകള്‍ റെയില്‍വെ ജീവനക്കാര്‍ക്കും. ഡ്യൂട്ടി ആവശ്യങ്ങള്‍ക്കായി പോകുന്ന റെയില്‍വെ ജീവനക്കാര്‍ക്കാണ് ഈ ക്വാട്ട.
രാജ്യത്ത് ഇതുവരെ സര്‍വീസ് നടത്തുന്നത് മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളാണ്. ആദ്യം സര്‍വീസ് തുടങ്ങിയത് അസമിലെ കാമാഖ്യയില്‍ നിന്ന് ബംഗാളിലെ ഹൗറയിലേക്കാണ്.






