കോഴിക്കോട്: വളയത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടുവയസുകാരി മരിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു.
വടകര - കുറുവന്തേരി റൂട്ടില്‍ സർവീസ് നടത്തുന്ന KL 18 AE 7519 നമ്പർ അഷ്മിക എന്ന സ്വകര്യബസിലെ ഡ്രൈവർക്കെതിരെ നല്കിയ പരാതിക്ക് പിന്നാലെയാണ് വളയം പൊലീസ് കേസെടുത്തത്.
വളയം കുയ്തേരി കോയോളിന്റെ വീട്ടുകുന്നില്‍ മുഹമ്മദിന്റെ മകള്‍ ഫാത്തിമ മുഹമ്മദ് (8) ആണ് തിങ്കളാഴ്ച ഉമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ സ്വകാര്യ ബസ് ഇടിച്ച് മരിച്ചത്. മനുഷ്യജീവന് അപകടം വരുത്തക്ക വിധത്തില്‍ അശ്രദ്ധമായി വാഹനം ഓടിച്ചെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ബിഎൻഎസ് നിയമപ്രകാരം വളയം പൊലീസ് സി ഐ ഷാജു കെ ആണ് കേസ് രജിസ്റ്റർ ചെയ്തത്.
ഉമ്മ സല്‍മയ്ക്കും മറ്റ് രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പം സ്കൂട്ടറില്‍ കുയ്തേരിയിലെ വീട്ടില്‍ നിന്ന് ഉമ്മയുടെ വീടായ താനക്കോട്ടൂർ കോമത്ത് വീട്ടിലേക്ക് പോകവേയാണ് അപകടം. റോഡിലെ വെള്ളക്കെട്ട് കാരണം സ്കൂട്ടർ വലതുവശത്തുകൂടി എടുത്തപ്പോള്‍ എതിർദിശയില്‍ നിന്ന് വന്ന സ്വകാര്യ ബസ്സില്‍ ഇടിച്ച് സ്കൂട്ടർ ബസ്സിനടിയില്‍പ്പെട്ടു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ഉടൻ വളയം ഗവ. ആശുപത്രിയില്‍ എത്തിച്ചു. ഇവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ആംബുലൻസില്‍ തലശ്ശേരിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. അപകടത്തില്‍ ഉമ്മ സല്‍മയ്ക്കും ( 32) മക്കളായ അബ്ദുള്ള, റബീഹ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
ഫാത്തിമയുടെ മൃതദേഹം ഇന്നലെ തലശ്ശേരി ജില്ലാ ഗവ. ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ വളയം പോലീസ് ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം ചെറുമോത്ത് വലിയ പള്ളി ഖബറിസ്ഥാനില്‍ ഖബറടക്കി.






