തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി.
കേസിന്റെ വിചാരണ നടപടികള്‍ക്കിടെ നിര്‍ണായക ദൃക്സാക്ഷിയായ ആറാം സാക്ഷി ഓട്ടോ ഡ്രൈവര്‍ ഷഫീഖ് വിചാരണവേളയില്‍ കൂറുമാറി. ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് അനുകൂലമായാണ് തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഇദ്ദേഹം മൊഴി മാറ്റിയത്.
അതേസമയം, കേസിലെ രണ്ടാം സാക്ഷിയും ഓട്ടോ ഡ്രൈവറുമായ മണികണ്ഠന് അപകടസ്ഥലത്തുണ്ടായിരുന്നത് പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് തന്നെയാണെന്ന് കോടതിയില്‍ തിരിച്ചറിഞ്ഞ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.എസ്. രാജേഷാണ് ഹാജരായത്.
അപകടം നടന്നയുടന്‍ പൊലീസിനും മജിസ്ട്രേറ്റിനും നല്കിയ രഹസ്യമൊഴിയാണ് ഷഫീഖ് വിചാരണവേളയില്‍ മാറ്റിയത്. നേരത്തെ നല്കിയ മൊഴിയില്‍, അപകടസമയത്ത് കാര്‍ അമിതവേഗതയില്‍ വന്ന് കെ.എം. ബഷീറിന്റെ ബൈക്കില്‍ ഇടിക്കുന്നത് താന്‍ നേരിട്ട് കണ്ടെന്നും, കാര്‍ ഓടിച്ചിരുന്നത് താടിവെച്ച ശ്രീറാം വെങ്കിട്ടരാമന് ആയിരുന്നുവെന്ന് കൃത്യമായി തിരിച്ചറിഞ്ഞെന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു
എന്നാല്‍ വിചാരണവേളയില്‍, അപകടം നടന്ന സമയത്ത് വലിയ ശബ്ദം കേട്ട് പുറത്തുവന്നപ്പോള്‍ കാര്‍ ബൈക്കില്‍ ഇടിച്ചു കിടക്കുന്നതാണ് കണ്ടതെന്നും, വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന് ആണോയെന്ന് അറിയില്ലെന്നും അദ്ദേഹം നിലപാട് മാറ്റി. നാട്ടുകാരും പൊലീസും ചേര്‍ന്ന് വാഹനം ഓടിച്ചത് ശ്രീറാമാണെന്ന് പറയുന്നത് താന്‍ കേട്ടതാണെന്നും സാക്ഷി ഇപ്പോള്‍ കോടതിയെ അറിയിച്ചു.
അപകടസ്ഥലത്ത് കോടതിയില്‍ ഹാജരായിട്ടുള്ള ശ്രീറാം വെങ്കിട്ടരാമന് ഉണ്ടായിരുന്നതായി സാക്ഷി വീണ്ടും സ്ഥിരീകരിച്ചു. താടിയുള്ള ഒരാള്‍ അമിതവേഗതയില്‍ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയതെന്ന വിവരമറിഞ്ഞാണ് സ്ഥലത്തെത്തിയത്. ഒപ്പമുണ്ടായിരുന്ന സ്ത്രീ പൊലീസിനോട് പേര് 'വഫ' എന്ന് പറയുന്നത് കേട്ടതായും സാക്ഷി വ്യക്തമാക്കി.
എന്നാല്‍, കാര്‍ അമിതവേഗതയില്‍ വരുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും പ്രതി മദ്യപിച്ചിരുന്നോ എന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നും പ്രതിഭാഗത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സാക്ഷി കൂട്ടിച്ചേര്‍ത്തു.






