കോട്ടയം : മലയോരത്തും കിഴക്കൻ മേഖലയിലും ഇടവിട്ടു പെയ്യുന്ന അതിശക്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മുങ്ങിയത് പടിഞ്ഞാറൻ മേഖലയാണ്. 2018ലെ വലിയ വെള്ളപ്പൊക്കത്തിനു സമാനമായ രീതിയിലാണ് ജില്ലയെ പ്രളയം മുക്കിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ അതിതീവ്ര മഴയത്ത് കിഴക്കൻ മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മീനച്ചിലാർ കരകവിഞ്ഞ് ഈരാറ്റുപേട്ടയെയും പാലായെയും വെള്ളത്തിൽ മുക്കിയ ശേഷമാണ് കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയെയും പ്രളയത്തിൽ മുക്കിയത്.
കോട്ടയത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിൽ ഇന്നലെ രാവിലെ വീണ്ടും ജലനിരപ്പ് ഉയർന്ന് കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറി. തിരുവാർപ്പ്, കുമരകം, അയ്മനം, ആർപ്പൂക്കര, മണർകാട്, അയർക്കുന്നം, പുതുപ്പള്ളി, പനച്ചിക്കാട്, നീണ്ടൂർ, അതിരമ്പുഴ, മറവന്തുരുത്ത്, ഉദയനാപുരം, തലയോലപ്പറമ്പ്, മുളക്കുളം, ഞീഴൂർ, കല്ലറ, കടുത്തുരുത്തി പഞ്ചായത്തുകളിലും ഏറ്റുമാനൂർ, കോട്ടയം മുനിസിപ്പാലിറ്റികളുടെ താഴ്ന്ന പ്രദേശങ്ങളും ചങ്ങനാശേരിയുടെ താഴ്ന്ന പ്രദേശങ്ങളുമാണ് വെള്ളത്തിലായത്.
കിഴക്കൻ മേഖലയിൽ നിന്നും വെള്ളം വന്നുകൊണ്ടിരിക്കുന്നതും മഴ തുടരുന്നതും മൂലം ഇവിടങ്ങളിൽ നിന്നും ഇന്നലെ രാത്രിയിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടില്ല. മഴ തുടരുന്നതിനാൽ ജില്ലയിലെ പ്രധാന നദികളായ മീനച്ചിൽ, മണിമല, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. കഴിഞ്ഞ ദിവസം ഒഴുക്കിൽ പ്പെട്ടു കാണാതായ മണർകാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം ഇന്നലെ കണ്ടെടുത്തു. ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഇതോടെ ആറായി.






