കോട്ടയം: മദ്യ ലഹരിയില്‍ പൊലിസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി അസഭ്യം പറയുകയും പൊലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ കെഎസ്ഇബി ജീവനക്കാരനെ വൈക്കം പോലീസ് അറസ്റ്റു ചെയ്തു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വൈക്കം പോലീസ് സ്റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും സിവില്‍ പോലീസ് ഓഫീസറെ ആക്രമിച്ച് പരിക്കേല്പിക്കുകയും ചെയ്ത കോട്ടയം പള്ളം കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ലൈൻമാൻ വൈക്കം കോവിലകത്തുംകടവ് കൊച്ചാലിങ്കല് കെ. എം. മനോജിനെയാണ് വൈക്കം പോലീസ് അറസ്റ്റു ചെയ്തത്.
ആക്രമണത്തില്‍ കൈയ്ക്ക് പരിക്കേറ്റ വൈക്കം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ ചെമ്പ് എനാദി സ്വദേശി ജ്യോതി കൃഷ്ണയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഇയാളെ റിമാൻഡ് ചെയ്തു.
ഒരുമാസം മുമ്പ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്ഐയേയും സിവില്‍ പോലീസ് ഓഫീസറേയും വാഹന പരിശോധനയ്ക്കിടയില്‍ ആക്രമിച്ച കേസില്‍ ഇയാള്‍ റിമാൻഡിലായതോടെ സർവീസില്‍നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.






