വൈക്കം: കായലോരത്തെ കുട്ടികളുടെ പാർക്ക് നവീകരിച്ചു.
വിവിധ സ്ഥാപനങ്ങളുടേയും സുമനസുകളുടേയും സഹകരണത്തോടെ കൂടുതൽ വിനോദപ്രദമാക്കുന്നു.
പാർക്കിലെ തകരാറിലായിരുന്ന വിനോദ ഉപാധികൾ വിവിധ സ്ഥാപനങ്ങളുടേയും സുമനസുകളുടേയും സഹകരണത്തോടെ
നഗരസഭക്ക് പണചെലവില്ലാതെ കുറ്റമറ്റതാക്കുകയും പുതിയവ സ്ഥാപിച്ച് ആകർഷകമാക്കുകയും ചെയ്തു.
തകരാറിലായിരുന്ന ഫൗണ്ടൻ പ്രവർത്തനക്ഷമമാക്കി.
പുതിയ നിരവധി കളിയുപകരണങ്ങൾ സ്ഥാപിച്ചു. മുഖം മിനുക്കിയ പാർക്കിൽ കുടുംബങ്ങൾ കൂടുതലായെത്തിയതോടെ
പതിനേഴ് എൽഇഡി വൈദ്യുതി വിളക്കുകൾ തെളിച്ച് സിസിടിവി കാമറകളും പ്രവർത്തനക്ഷമമാക്കി.
സിസിടിവി കാമറ ദൃശ്യങ്ങൾ പാർക്കിലെ ജീവനക്കാരന് മോണിറ്ററിലും നഗരസഭ ചെയർമാനും നഗരസഭ ഉദ്യോഗസ്ഥന്മാർക്കുമടക്കം അഞ്ച് പേർക്ക് ഫോണിലും ലഭ്യമാകും.
പാർക്കിലെ ഇരിപ്പിടങ്ങളും ടോയ്ലറ്റുകളും നവീകരിച്ചു.
അഷ്ടമിക്ക് മുമ്പായി ആനയുടെ ഒരു സെൽഫി പോയിന്റും വനിതകൾക്കായുള്ള ഫീഡിംഗ് കേന്ദ്രവും സ്ഥാപിക്കുമെന്ന് ചെയർമാൻ അബ്ദുൾ സലാം റാവുത്തർ പറഞ്ഞു.
കൂടുതൽ മണലിട്ട് പാർക്ക് ഗ്രൗണ്ട് ആകർഷകമാക്കും
പാർക്കിന് സമീപം ബിനാലെ മണി സ്ഥാപിച്ചിരുന്ന കായലോരത്ത് പാർക്കിൽ നിന്ന് പ്രവേശന പാത തീർത്ത് സെൽഫി പോയിന്റ് ഒരുക്കാനും പദ്ധതിയുണ്ട്.
എംഎൽഎ ഫണ്ട് അനുവദിപ്പിച്ച് പാർക്ക് കുടുതൽ ജനപ്രിയമാക്കാനും നഗരസഭ ശ്രമം നടത്തിവരികയാണ്.
പഴയ ബോട്ട് ജെട്ടിട്ടും പാർക്കിനുമിടയിൽ തുറക്കാതെ കിടക്കുന്ന ടേക്ക് എ ബ്രേക്ക് സമുച്ചയവും വൈകാതെ തുറന്നു പ്രവർത്തിപ്പിക്കും.
കുട്ടികളുടെ പാർക്കും കായലോര ബീച്ചും നവീകരിച്ച് ലൈറ്റുകൾ തെളിച്ച് പ്രകാശമാനമാക്കിയതോടെ മുൻകാലങ്ങളിലെത്തിയിരുന്നതിനേക്കാൾ കൂടുതൽ ജനങ്ങളെത്തുന്നുണ്ട്.






