വൈക്കം: ജലഗതാഗത വകുപ്പിന്റെ വൈക്കം സ്റ്റേഷനിൽ നിന്നാരംഭിക്കുന്ന ബജറ്റ് ടൂറിസം പദ്ധതിക്ക് ഇന്ന് തുടക്കമാകും.
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായാണ് ജലഗതാഗതവകുപ്പ് ബജറ്റ് ടൂറിസം ആരംഭിക്കുന്നത്.
വൈക്കം ബോട്ട് ജെട്ടിയിൽ നിന്നും ചെമ്പ് കാട്ടിക്കുന്നിലെ മത്സ്യഫെഡിന്റെ പാലാക്കരി അക്വാടൂറിസം സെന്ററിലേക്കാണ് ബോട്ട് യാത്ര നടത്തുന്നത്.
ഇന്ന് ഉച്ചയ്ക്ക് 12ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടക്കുന്ന യോഗത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിനോദ യാത്രയുടെ ഉദ്ഘാടനം നിർവഹിക്കും.
സർവീസിന്റെ ആദ്യ ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എംപി നിർവഹിക്കും.
വൈക്കം നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ മുഖ്യാതിഥിയാകും.
75 പേർക്ക് സഞ്ചരിക്കാവുന്ന പരിസ്ഥിതി സൗഹൃദമായ ആദിത്യ-ത്രീ സോളാർ ബോട്ടാണ് വിനോദ സഞ്ചാരത്തിനായി സജ്ജമാക്കിയിട്ടുള്ളത്.
വൈക്കം ബോട്ട് ജെട്ടിയിൽനിന്നു പാലാക്കരി അക്വാടൂറിസം സെന്ററിലേക്ക് ദിവസവും രാവിലെ 11ന് ആരംഭിക്കുന്ന യാത്ര കായൽക്കാഴ്ചകളും നാടൻ വിഭവങ്ങൾ ഉൾപ്പെടുന്ന ഭക്ഷണവും, സൂര്യാസ്തമയ കാഴ്ചകളും ആസ്വദിക്കാവുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
സംസ്ഥാന ജലഗതാഗതവകുപ്പ് ഡയറക്ടർ ഡോ. ജെ.ഒ. അരുൺ ഐഎഎസ്, വൈക്കം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി,
തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ചരാജ്, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സണ്ണി, ടിവിപുരം പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു,
വൈക്കം നഗരസഭാ കൗൺസിലർമാരായ സോണി സണ്ണി, റെജിമോൾ പ്രദീപ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും.






