വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ ഒൻപതാം ദിനം ആനച്ചമയങ്ങളുടെ വർണവിസ്മയത്തിൽ.
രാവിലെ നടന്ന ഗജപൂജയ്ക്കും 13 കരിവീരന്മാർ അണിനിരന്ന ആനയൂട്ടിനും പിന്നാലെ ഒരുക്കിയ ആനച്ചമയ പ്രദർശനം ഭക്തർക്കും ആനപ്രേമികൾക്കും വേറിട്ട കാഴ്ചാനുഭവമായി. ക്ഷേത്രത്തിലെത്തിയ നിരവധി പേർ ചമയങ്ങൾ കാണാനും അവയുടെ പ്രത്യേകതകൾ അടുത്തറിയാനും എത്തി.
തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗം ഉപയോഗിച്ച ആനച്ചമയങ്ങളാണ് വൈക്കം ക്ഷേത്രത്തിൽ പ്രദർശനത്തിന് ഒരുക്കിയത്. കേരളത്തിലെ ഉത്സവാഘോഷങ്ങളിലെ ആന എഴുന്നള്ളിപ്പിന് മാറ്റുകൂട്ടുന്ന പരമ്പരാഗത ചമയങ്ങളുടെ വൈവിധ്യവും ഭംഗിയും ഒരുമിച്ചുകാണാൻ പ്രദർശനത്തിലൂടെ അവസരമൊരുങ്ങി.
വിവിധ രൂപത്തിലും വർണത്തിലുമുള്ള ചമയങ്ങൾ ആസ്വാദകരുടെ ശ്രദ്ധയാകർഷിച്ചു.
വ്യാഘ്രപാദത്തറയുടെ മുൻവശത്താണ് പ്രദർശനം ഒരുക്കിയത്.
വ്യത്യസ്ത രീതികളിലുള്ള തലപ്പാവുകൾ, വർണക്കുടകൾ, മുത്തുക്കുട, കണ്ഠമണി, പള്ളമണി, പാദസരം, വെൺചാമരം, ആലവട്ടം, കച്ചക്കയർ തുടങ്ങിയവയാണ് പ്രദർശനത്തിലുണ്ടായിരുന്നത്. ആനകളുടെ എഴുന്നള്ളിപ്പിന് അഴകും പ്രൗഢിയും പകരുന്ന ഓരോ ചമയത്തിന്റെയും രൂപഭംഗിയും നിർമാണത്തിലെ പ്രത്യേകതകളും സന്ദർശകർക്ക് കൗതുകമായി.
ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ കെ. ഇന്ദുകുമാരി ആനച്ചമയ പ്രദർശനം ഉദ്ഘാടനം ചെയ്തു. അഷ്ടമി ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയ പ്രദർശനം ഉത്സവാഘോഷങ്ങൾക്ക് കൂടുതൽ വർണപ്പകിട്ടേകി. ഗജപൂജയും ആനയൂട്ടും ആനച്ചമയ പ്രദർശനവും ഒത്തുചേർന്നതോടെ ഒൻപതാം ഉത്സവദിനം ആനപ്രേമികൾക്ക് മറക്കാനാകാത്ത അനുഭവമായി.






