വൈക്കം: കായലിൽ കുട്ടവഞ്ചി ഉപയോഗിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തിയവർക്കെതിരേ ഫിഷറീസ് വകുപ്പ് അധികൃതർ നടപടി സ്വീകരിച്ചു.
ചെമ്പ് കാട്ടിക്കുന്ന് ഭാഗത്ത് കായലിൽ കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തുന്നതായി ലഭിച്ച മത്സ്യത്തൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫിഷറീസ് വകുപ്പ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്.
കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. ശ്രീകുമാർ, വൈക്കം ഫിഷറീസ് ഇൻസ്പെക്ടർ മറ്റം മെറിറ്റ് കുര്യൻ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. ഫിഷറീസ് ഓഫീസർമാരായ സി.കെ. സ്മിത, സിബി, വിപിൻ എന്നിവർ ഉൾപ്പെട്ട സംഘം നടത്തിയ പട്രോളിങ്ങിലാണ് കായലിൽ കുട്ടവഞ്ചി ഉപയോഗിച്ചുള്ള അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടത്.
കേരള ഉൾനാടൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ആക്ട് പ്രകാരം ആവശ്യമായ രജിസ്ട്രേഷനും മത്സ്യബന്ധന ലൈസൻസും ഇല്ലാതെയാണ് ഇവർ മത്സ്യബന്ധനം നടത്തിയിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. നിയമപ്രകാരമുള്ള അനുമതികളില്ലാതെ മത്സ്യബന്ധനം നടത്തുന്നത് ചട്ടലംഘനമായതിനാലാണ് അധികൃതർ നടപടി സ്വീകരിച്ചത്.
കായലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും നിയമാനുസൃതമായി മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി പരിശോധനയും പട്രോളിങ്ങും ശക്തമാക്കുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ അറിയിച്ചു. അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും നിർദേശമുണ്ട്.






