വൈക്കം: വൈക്കത്തഷ്ടമി ഉത്സവത്തിനു മുന്നോടിയായി കന്നഡ - തെലുങ്ക് സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സന്ധ്യവേല ഭക്തിനിർഭരമായി.
സന്ധ്യവേലയോടനുബന്ധിച്ച് ക്ഷേത്രത്തിൽ അഷ്ടാഭിഷേകം ആയിരക്കുടം ക്ഷീരധാര തുടങ്ങിയ വഴിപാടുകളും നടന്നു.
വൈകുന്നേരം 6.30ന് ക്ഷേത്ര ബലിക്കൽപുരയിൽ വെള്ളപട്ടു വിരിച്ചശേഷം ഒറ്റപ്പണ സമർപ്പണവും നടത്തി.
ഒറ്റപ്പണ സമർപ്പണത്തിന് ശേഷം പണം കിഴിയാക്കി തലച്ചുമടായി എടുത്ത് വേദ മന്ത്രജപങ്ങളോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി കിഴിപ്പണം ദേവസ്വത്തിന് കൈമാറി.
സമർപ്പിച്ച കിഴിപ്പണത്തിൽ നിന്നും സമൂഹം ഭാരവാഹികൾ ഒരു പണം എടുത്ത് കിഴിയാക്കി സൂക്ഷിച്ചു.
ഇത് അടുത്ത സന്ധ്യവേലയുടെ പ്രാരംഭ ചടങ്ങുകൾക്കായി ഉപയോഗിക്കും.
പ്രസിഡന്റ് എം. നീലകണ്ഠൻ, സെക്രട്ടറി എൻ. മഹാദേവൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.






