കോഴിക്കോട് : അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിലെ മൂന്നാം പ്രതി കീർത്തനയ്ക്ക് വെട്ടേറ്റു. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച കീർത്തന പോലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ ഭർത്താവ് ആണ് ആക്രമിച്ചത്. ഭർത്താവ് വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെട്ടേറ്റ കീർത്തനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ വടകര പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം നടന്നത്. കീർത്തനയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഭർത്താവ് വിനീഷ് കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ കുടുംബ പ്രശ്നമാണോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
കേസില്‍ രണ്ടാഴ്ച മുൻപായിരുന്നു കീർത്തനയ്ക്ക ജാമ്യം ലഭിച്ചത്. കേസിൽ തനിക്ക് ബന്ധമില്ലെന്നും കുടുക്കിയതാണെന്നുമുള്ള വാദങ്ങളായിരുന്നു കീർത്തന ആദ്യം മുതൽ ഉന്നയിച്ചിരുന്നത്.
കേസിൽ പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെൻ്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ.കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ (ബ്ലോക്ക് റിസോഴ്സ് സെന്റർ) സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി.നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി എജൻ്റുമായ ജിജിൽ കുര്യാക്കോസ്, സഫ്വാൻ എന്നിവരാണ് അറസ്റ്റിലായിരുന്നത്.






