കോഴിക്കോട് : പകൽ സമയങ്ങളിൽ മേശപ്പുറത്ത് തലവെച്ച് ഉറക്കം തൂങ്ങുന്ന അധ്യാപകരെ കാണുമ്പോൾ സഹപ്രവര്‍ത്തകര്‍ പലപ്പോഴും അത്ഭുതപ്പെട്ടിരുന്നു. ബെസ്റ്റികളായ ഈ മൂന്ന് അധ്യാപകർ പകലുറക്കത്തിലും കാണിക്കുന്ന ഒത്തൊരുമ കണ്ട്. അന്നൊക്കെ കൂടെയുള്ളവര്‍ തമാശയായി ചോദിച്ചിരുന്നെങ്കിലും, ആ ഉറക്കച്ചടവും ക്ഷീണവും കടുത്ത എംഡിഎംഎ ലഹരിയുടെ ആലസ്യമായിരുന്നുവെന്ന തിരിച്ചറിവിന്റെ ഞെട്ടലിലാണ് ഇപ്പോൾ സഹപ്രവർത്തകർ.
വടകരയിലെ ലഹരിക്കേസിൽ മൂന്ന് അധ്യാപകർ അറസ്റ്റിലായതിനെ ഞെട്ടലിലാണ് സഹപ്രവർത്തകരും നാട്ടുകാരും. ലഹരി വിരുദ്ധ ക്ലാസെടുത്തവര്‍ തന്നെ ലഹരി കേസിലെ വമ്പന്‍ കണ്ണികളാണെന്ന് വിശ്വസിക്കാൻ പോലും കൂടെയുള്ളവർക്ക് ആകുന്നില്ല. വടകര കേന്ദ്രീകരിച്ച് നടന്ന കോടികളുടെ രാസലഹരി വ്യാപാര കേസില്‍ മൂന്നാമത്തെ അധ്യാപികയും, ഇവര്‍ക്ക് ലഹരി കൈമാറാന്‍ ഇടനിലക്കാരനായി നിന്ന ഫുഡ് ഡെലിവറി ബോയും ചൊവ്വാഴ്ച അറസ്റ്റിലായതോടെയാണ് കേരളത്തെ നടുക്കിയ ഈ ലഹരി ശൃംഖലയുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
മരുതോങ്കര സ്വദേശി കീര്‍ത്തന (31), കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര സ്വദേശി വി.പി. നീഷ്മ (30) എന്നിവരാണ് അറസ്റ്റിലായ അധ്യാപകർ. ഇന്നലെ രാവിലെയാണ് നീഷ്മ പോലീസ് പിടിയിലായത്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം കൂടിയുള്ള വ്യക്തിയാണ് നീഷ്മ. ലഹരി വില്പന വഴിയുള്ള പണം നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കും വന്‍തോതില്‍ എത്തിയിരുന്നതായി കണ്ടെത്തിയതോടെയാണ് വടകര പോലീസ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് പിന്നാലെ മൂന്നു പേരെയും ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തു.
മൂന്ന് അധ്യാപികമാരും എം.ഡി.എം.എയുടെ കടുത്ത അടിമകളായിരുന്നുവെന്ന് അന്വേഷണത്തിന് നേതൃത്വം നല്കുന്ന വടകര ഇന്‍സ്പെക്ടര്‍ എ.വി. ദിനേശ് പറഞ്ഞു. അറസ്റ്റിലായ കീര്‍ത്തന സ്കൂള്‍ കുട്ടികള്‍ക്കായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍ നയിച്ച വ്യക്തിയായിരുന്നു. ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് സൂംബ ട്രെയിനിങ് നല്കിയ കായിക അധ്യാപിക കൂടിയായ കീര്‍ത്തന തന്നെയായിരുന്നു ആ സംഘത്തിന്റെ പ്രധാനി. ലഹരി വിരുദ്ധ ക്ലാസെടുത്ത് പുറത്തിറങ്ങിയ ശേഷം ഇവര്‍ സ്വയം ലഹരി ഉപയോഗിക്കുകയും വില്പന നടത്തുകയും ചെയ്തു.
കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനിടെ 14 ലക്ഷം രൂപയും, കാവ്യയുടെ അക്കൗണ്ടില്‍ 5 മാസത്തിനിടെ 9 ലക്ഷം രൂപയും വന്നെത്തി. കേവലം 11,000 രൂപ മാത്രം പ്രതിമാസ ശമ്പളമുള്ള ഇവര്‍ ലക്ഷങ്ങളുടെ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. കാവ്യ അടുത്തിടെ ഒരു പുതിയ ആഡംബര കാറും വാങ്ങിയിരുന്നു. മുന്‍പ് അപകടത്തില്‍ പരിക്കേറ്റപ്പോള്‍ സഹപ്രവര്‍ത്തകരായ അധ്യാപകര്‍ പിരിവിട്ട് പണം നല്കിയ കാവ്യയാണ് ലക്ഷങ്ങളുടെ കാറുമായി ലഹരി ഇടപാടുകള്‍ നടത്തി നടന്നത്.
ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇവർ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. ഗൂഗിള്‍ പേ വഴി 2000 രൂപ വീതം അക്കൗണ്ടുകളില്‍ സ്വീകരിച്ച ശേഷം, ലഹരിമരുന്ന് ഒളിപ്പിച്ചു വെച്ചിരിക്കുന്ന സ്ഥലത്തിന്റെ ഗൂഗിള്‍ ലൊക്കേഷന്‍ ഏജന്റുമാര്‍ മുഖേന ഉപഭോക്താക്കള്‍ക്ക് അയച്ചു നല്‍കുന്നതായിരുന്നു ഇവരുടെ രീതി.
മംഗളൂരുവിലുള്ള ഒരു സുഹൃത്ത് വഴിയാണ് ഇവര്‍ ലഹരി ശൃംഖലയുമായി ബന്ധപ്പെടുന്നത്. വടകര, കുറ്റ്യാടി, നാദാപുരം മേഖലകളിലെ നിരവധി വിദ്യാര്‍ത്ഥികളും യുവാക്കളും ഇവരില്‍ നിന്ന് ലഹരി വാങ്ങിയിരുന്നതായി സംശയമുണ്ട്. അതേസമയം വിദേശത്തു നിന്നോ മംഗളൂരുവില്‍ നിന്നോ എത്തുന്ന വന്‍കിട ലഹരി മാഫിയയുടെ വടകര മേഖലയിലെ കിങ്പിന്നിനെ കണ്ടെത്താനായുള്ള വലവീശലിലാണ് നിലവില്‍ പോലീസ്. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് റൂറല്‍ പോലീസ് അറിയിച്ചു.






