കോഴിക്കോട്: വടക്കൻ കേരളത്തില്‍ കാലവർഷം കനത്ത നാശം വിതയ്ക്കുന്നു. കനത്ത മഴയിലും മറ്റ് അപകടങ്ങളിലുമായി മലപ്പുറത്തും വയനാട്ടിലും രണ്ട് പേർ കൂടി മരണപ്പെട്ടു.
ഇതോടെ സംസ്ഥാനത്ത് കനത്ത മഴ മൂലം മരണപ്പെട്ടവരുടെ എണ്ണം ആറായി ഉയർന്നു.
വടക്കൻ ജില്ലകളിലെ വിവിധ നദികളില്‍ മലവെള്ളപ്പാച്ചിലും കടലാക്രമണവും രൂക്ഷമായതോടെ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ്. നെടിയിരുപ്പ് മേലേപ്പറമ്പ് കണ്ണപ്പതൊടിയുടെ മകൻ നാലു വയസ്സുകാരൻ ആദം അയ്മൻ തോട്ടിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു. തോടിൻ്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി വീഴുകയായിരുന്നു. വയനാട് പടിഞ്ഞാറത്തറയില്‍ മീൻ വളർത്തുന്ന കുളത്തില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് മഞ്ഞൂറ സ്വദേശി ബെന്നി മരിച്ചു.
കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മീൻപിടിക്കാൻ പോയി യന്ത്രത്തകരാറിലായ ബോട്ടിലെ 17 മത്സ്യത്തൊഴിലാളികളെ തീരരക്ഷാസേനയും മറ്റ് തൊഴിലാളികളും ചേർന്ന് സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ചാലിപ്പുഴയില്‍ ശക്തമായ ഒഴുക്കും മലവെള്ളപ്പാച്ചിലും ഉണ്ടായതിനെ തുടർന്ന് തടസ്സമില്ലാതെ നടന്നിരുന്ന അന്താരാഷ്ട്ര കയാക്കിങ്ങ് മത്സരങ്ങള്‍ താല്‍ക്കാലികമായി നിർത്തിവെച്ചു.
വൈത്തിരി, ലക്കിടി മേഖലകളില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയതോടെ താമരശ്ശേരി ചുരത്തിലടക്കം അവശ്യ സർവീസുകള്‍ക്ക് മാത്രമായി വാഹനഗതാഗതം നിയന്ത്രിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കാൻ വയനാട് ജില്ലാ കളക്ടർ നിർദ്ദേശം നല്കി. തൊട്ടില്‍പാലം, ചാലിപ്പുഴ, ഉറുമി, കുളിരമുട്ടി, വിലങ്ങാട് പുഴകളില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. എടവണ്ണ-കൊയിലാണ്ടി, കൊയിലാണ്ടി-ബാലുശ്ശേരി സംസ്ഥാന പാതകളില്‍ മണ്ണിടിച്ചിലും മരം വീണും ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി ഉളിക്കല്‍ വയത്തൂർ പാലത്തില്‍ വെള്ളം കയറി. പുളിങ്ങോം കോഴിച്ചാല്‍ തുരുത്തില് കുടുങ്ങിയ സുമതി എന്ന സ്ത്രീയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.
കാസർകോട്ട് കോഴിപ്പാടി, വലിയപറമ്പില്‍ മേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. ക്വാറികള്‍ അടച്ചു. പാലക്കാട് പുതുപ്പള്ളി തെരുവില്‍ വീട് തകർന്നു. കണ്ണംകുണ്ട് ക്രോസ് വേ, നെല്ലിയാമ്പതി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര മേഖലകള്‍ അടച്ചു പൂട്ടി. മംഗലം ഡാമിന്റെ 6 ഷട്ടറുകള്‍ ഉയർത്തി. നാട്ടുകാരും ഫയർഫോഴ്സും ദുരന്തനിവാരണ സേനയും ചേർന്ന് മുഴുവൻ ജില്ലകളിലും ജാഗ്രതാ നിർദ്ദേശങ്ങളോടെ മുന്നൊരുക്കങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്.






