തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുടെ പേരിൽ യുഡിഎഫ് സർക്കാരും വിദ്യാഭ്യാസ മന്ത്രിയും ജനങ്ങളെയും സ്വന്തം അണികളെയും ഒരുപോലെ വഞ്ചിക്കുന്നുവെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. നടക്കുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണ്. മുസ്ലിംലീഗിന്റെ അഭിപ്രായം ഇക്കാര്യത്തിൽ അറിയണം. അധികാരത്തിൽ എത്തിയപ്പോൾ കേന്ദ്രത്തിനു മുന്നിൽ മുട്ടുമടക്കി. പിഎം ശ്രീ വിഷയത്തിൽ കോൺഗ്രസിന്റെ ദേശീയ നേതാക്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ധാരണ പത്രം മരവിപ്പിക്കാൻ ആർജവം കാണിച്ചത് എൽഡിഎഫ് സർക്കാരാണ്. സംസ്ഥാനത്തിനുള്ള ഫണ്ടുകൾ തടയില്ലെന്ന് പാർലമെന്റിൽ കേന്ദ്രസർക്കാർ പറഞ്ഞിട്ടുണ്ട്. നിലവിൽ കേന്ദ്രത്തെ പ്രീതിപ്പെടുത്താനുള്ള നടപടിയാണ് സർക്കാർ നടത്തുന്നത്. യുഡിഎഫ് കാണിക്കുന്ന തിടുക്കം ഭയാനകമാണ്. മുസ്ലിം ലീഗിന് ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതൻ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. സുഗതനുമായി ബന്ധപ്പെട്ട നടപടികൾ പ്രതിഷേധാർഹമാണ്. ആഭ്യന്തരവകുപ്പ് ഇറക്കിയ സർക്കുലർ പിൻവലിക്കണം. രക്ഷപ്പെടുത്താൻ കോൺഗ്രസിനും മുസ്ലിം ലീഗിനും എന്താണ് തിടുക്കം?. മൂന്ന് കൗൺസിൽ യോഗത്തിൽ സുഗതൻ ഹാജരായിട്ടില്ല. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണം നിലനിർത്തണമെന്നാണ് യുഡിഎഫിന്റെ ആഗ്രഹമെന്നും അദ്ദേഹം ആരോപിച്ചു.






