പാലാ: പാലാ-പൊൻകുന്നം റോഡിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കാവാലം സ്വദേശികളായ ശരത് ലാൽ (28), നിധിൻ (30) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മനീഷിനെ ഗുരുതര പരിക്കുകളോടെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി എട്ടോടെ പച്ചാത്തോട് സി.എസ്.കെ. പമ്പിന് മുന്നിലായിരുന്നു അപകടം. പൈക ഭാഗത്ത് നിന്ന് വന്ന സ്കൂട്ടറാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ഇടിച്ചത്.
അപകടത്തിൽ ശരത് ലാൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നിധിൻ പിന്നീട് മരണത്തിന് കീഴടങ്ങി. മൂന്ന് പേരും കുമ്പാനിയിലെ ഒരു ക്രയിൻ സർവീസ് സ്ഥാപനത്തിലെ ഓപ്പറേറ്റർമാരാണെന്ന് പൊലീസ് അറിയിച്ചു.
അപകടസമയത്ത് മൂവരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന് പാലാ പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.






