വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ എച്ച്-1ബി വിസ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട 'ഡെഫറൻസ് നയം' അവസാനിപ്പിക്കാൻ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നീക്കം തുടങ്ങി.
നിലവിലെ നയമനുസരിച്ച്, ഒരു ജീവനക്കാരന്റെ വിസ മുൻപ് നല്കിയ അനുമതി മുൻനിർത്തി എളുപ്പത്തില്‍ നീട്ടി നല്‍കുന്നതാണ് പതിവ്. വിസ പുതുക്കുന്ന ഓരോ ഘട്ടത്തിലും അപേക്ഷകള്‍ വീണ്ടും സമഗ്രമായി പരിശോധിക്കാനാണ് നീക്കം.
ഗ്രീൻ കാർഡിനായി ദീർഘകാലമായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ ഐ.ടി ജീവനക്കാരെയും മറ്റ് പ്രൊഫഷണലുകളെയും പ്രതികൂലമായി ബാധിക്കുന്നതാണ് ഈ നീക്കം.
നിലവില്‍, ഒരേ തൊഴിലുടമയുടെ കീഴില്‍ തുടരുന്ന ജീവനക്കാരുടെ വിസ പുതുക്കാനുള്ള അപേക്ഷകളില്‍ യു.എസ് സിറ്റിസണ്‍ഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഇളവുകള്‍ നല്‍കാറുണ്ട്. ഇനി മുതല്‍ തൊഴിലിന്റെ സ്വഭാവം, വേതനം, കമ്പനിയുമായുള്ള ബന്ധം എന്നിവയെല്ലാം വീണ്ടും തെളിയിക്കേണ്ടി വരും.
ഇത് വിസ പുതുക്കാനുള്ള നടപടികള്‍ കൂടുതല്‍ സങ്കീർണ്ണമാക്കും. എച്ച്-1ബി വിസയില്‍ യു.എസിലുള്ളവരില് 70 ശതമാനത്തോളവും ഇന്ത്യക്കാരായതിനാല്‍ ഈ നീക്കം വലിയ ആശങ്കയാണ് ഉയർത്തുന്നത്.
ഗ്രീൻ കാർഡ് ലഭിക്കുക പ്രയാസകരമായതിനാല്‍ പതിറ്റാണ്ടുകളായി മൂന്ന് വർഷം കൂടുമ്പോള്‍ വിസ നീട്ടിവാങ്ങി യു.എസില്‍ തുടരുകയാണ് പ്രവാസികള്‍ ചെയ്യുന്നത്. വിസ പുതുക്കല്‍ വൈകുന്നതും കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടുന്നതും മൂലം തൊഴില്‍ അനുമതി നിലയ്ക്കുന്ന സാഹചര്യം വരെയുണ്ടായേക്കാമെന്നാണ് പ്രവാസികള്‍ ഭയക്കുന്നത്.
ഇതോടൊപ്പം എച്ച്-1ബി വിസക്കാരുടെ പങ്കാളികള്‍ക്കുള്ള തൊഴില്‍ അനുമതിയെയും ഇത് ബാധിച്ചേക്കാം. സാങ്കേതികമായി ഗ്രീൻ കാർഡ് അപേക്ഷകളെ നേരിട്ട് ബാധിക്കില്ലെങ്കിലും, ഈ പ്രക്രിയയിലുണ്ടാകുന്ന അനിശ്ചിതത്വവും ചെലവുകളും കമ്പനികള്‍ക്കും ജീവനക്കാർക്കും ഒരുപോലെ തിരിച്ചടിയാകും.






