ഡൽഹി: ഇൻഡ്യ സഖ്യത്തിന്റെ 'ദില്ലി ചലോ' റാലിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി പ്രമുഖ നേതാക്കളും.
2029-ലെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പൂർണമായി തുറന്നുകാട്ടപ്പെടുമെന്ന് പറഞ്ഞ അമിത് ഷാ, വീണ്ടും അഞ്ച് വർഷം കൂടി പ്രതിപക്ഷത്തിരിക്കാൻ കോണ്‍ഗ്രസ് മുൻകൂട്ടി തയ്യാറെടുക്കണമെന്നും പരിഹസിച്ചു. അടുത്ത മൂന്ന് തവണത്തെ തിരഞ്ഞെടുപ്പില്‍ പോലും ഭരണത്തിലെത്താൻ രാഹുല്‍ ഗാന്ധിക്ക് കഴിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ദില്ലിയിലെ വ്യാപാരികളുടെ കച്ചവടത്തെയാണ് ഇത്തരം സമരങ്ങളിലൂടെ കോണ്‍ഗ്രസ് തകർക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീനും കേന്ദ്രമന്ത്രി ജെ.പി.
നദ്ദയും രംഗത്തെത്തി. കോണ്‍ഗ്രസിന് ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നും രാജ്യത്തെ 140 കോടി ജനങ്ങളെയല്ല, മറിച്ച് മൂന്ന് കോടി നുഴഞ്ഞുകയറ്റക്കാരെയാണ് അവർ വിശ്വസിക്കുന്നതെന്നും നിതിൻ നബീൻ ആരോപിച്ചു. കർണാടകയിലും കേരളത്തിലും ജയിക്കുമ്പോള്‍ ജനാധിപത്യം സുരക്ഷിതമാണെന്ന് പറയുന്ന കോണ്‍ഗ്രസ്, ഹരിയാനയിലും മഹാരാഷ്ട്രയിലും പരാജയപ്പെടുമ്പോള്‍ ജനാധിപത്യം അപകടത്തിലാണെന്ന് ആരോപിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.രാജ്യത്ത് അശാന്തിയും അരാജകത്വവും സൃഷ്ടിക്കാനാണ് ഇൻഡ്യ സഖ്യവും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന് ജെ.പി. നദ്ദ ആരോപിച്ചു.
രാഹുല്‍ ഗാന്ധിയുടെ പിടിവാശി കാരണം ദില്ലിയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുകയാണ്. ഉത്സവകാലത്ത് വൻ ജനക്കൂട്ടത്തെ ദില്ലിയിലെത്തിച്ച് വ്യാപാരികളുടെ ഉപജീവനമാർഗ്ഗം മുട്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.






