ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ യുജിസി നെറ്റ് പരീക്ഷയിൽ ഗുരുതര പിഴവുകള്‍ സംഭവിച്ചുവെന്ന് കണ്ടെത്തല്‍. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലാണ് ഒന്നിലധികം പിശകുകള്‍ കണ്ടെത്തിയത്.
ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളും അക്ഷരപിശകുകളും ചോദ്യപേപ്പറില്‍ ഉള്‍പ്പെട്ടിരുന്നതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തി. പിഴവുകള്‍ കണ്ടെത്തിയതോടെ മൂന്ന് വിഷയങ്ങളിലും പുനപരീക്ഷ നടത്തണമെന്ന് സമിതി ശുപാര്‍ശ ചെയ്യുകയായിരുന്നു.
ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള മൂന്ന് വിഷങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ എന്‍ടിഎയ്ക്ക് ലഭിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്ന് പരാതികള്‍ പരിശോധിക്കാനായി നിയോഗിച്ച സമിതി ചോദ്യപേപ്പറില്‍ നിരവധി പിശകുകള്‍ ഉള്ളതായി മനസിലാക്കിയെന്നും ഏജന്‍സി തന്നെ അറിയിച്ചു. വസ്തുതാപരമായ തെറ്റുകള്‍, അക്ഷരപിശകുകള്‍, തര്‍ജിമ പിശകുകള്‍ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്. പല വിദഗ്ധരുടെയും പേരുകള്‍ തന്നെ തെറ്റായാണ് നല്‍കിയിട്ടുള്ളത്.
യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം. എൻടിഎ ആസ്ഥാനത്തേക്ക് എസ്എഫ്ഐ മാർച്ച് നടത്തും. എസ്എഫ്ഐ എൻടിഎ ആസ്ഥാനത്തേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. എൻടിഎ പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച്. എൻടിഎ ചെയ്യുന്ന തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടിവരുന്നത് വിദ്യാർഥികളാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി പറഞ്ഞു.






