തിരുവനന്തപുരം: ഭരണം മാറി മാസങ്ങൾ പിന്നിട്ടിട്ടും സാമ്പത്തിക പ്രതിസന്ധിക്ക് മാറ്റമില്ലാതെ തുടരുന്നു. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ നാല് മാസം പിന്നിടുമ്പോഴേക്കും സർക്കാർ ആകെ കടമെടുക്കാൻ ലക്ഷ്യമിട്ട തുകയുടെ പകുതിയോളം എടുത്തുകഴിഞ്ഞു. 26,461.75 കോടി രൂപയാണ് ഈ കാലയളവിൽ മാത്രം കടമായി സ്വീകരിച്ചത്. എന്നാൽ, മുൻ വർഷത്തെ അപേക്ഷിച്ച് മൂലധന ചെലവ് ഉയർന്നത് സർക്കാരിന് ആശ്വാസമേകുന്ന മറ്റൊരു ഘടകമാണ്.
ഈ വർഷം ഇതുവരെ എടുത്ത കടത്തിൽ 11,503.47 കോടി രൂപ ഏപ്രിലിൽ, മുൻ സർക്കാരിന്റെ കാലത്താണ് സമാഹരിച്ചത്. മെയ് മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ 14,958.28 കോടി രൂപയാണ് സർക്കാർ കടമെടുത്തത്.
വരുമാനം ഉയരുന്നുണ്ടെങ്കിലും അതിനേക്കാൾ വേഗത്തിലാണ് ചെലവുകൾ വർധിക്കുന്നത്. റവന്യൂ ചെലവിൽ പലിശ തിരിച്ചടവിനായി മാറ്റിവെച്ച തുക കഴിഞ്ഞ വർഷത്തെ നിലയിൽ തന്നെ തുടരുമ്പോൾ, ജീവനക്കാരുടെ ശമ്പളച്ചെലവ് 2,648 കോടി രൂപയും പെൻഷൻ ചെലവ് ഏകദേശം 2,000 കോടി രൂപയും വർധിച്ചു. റവന്യൂ ചെലവിലെ ഈ വർധന സംസ്ഥാനത്തിന്റെ ധനക്കമ്മിയിലും കടബാധ്യതയിലും പ്രതിഫലിക്കുന്നുണ്ട്. ബജറ്റിൽ വർഷം മുഴുവൻ പ്രതീക്ഷിച്ച കമ്മിയുടെയും കടത്തിന്റെയും വലിയൊരു വിഹിതം ആദ്യ നാല് മാസങ്ങൾക്കുള്ളിൽ തന്നെ എത്തിനിൽക്കുന്ന സാഹചര്യമാണുള്ളത്.
അതേസമയം, മൂലധനച്ചെലവിലെ വർധന സർക്കാരിന് ആശ്വാസം നൽകുന്ന ഘടകമാണ്. ആദ്യ നാല് മാസങ്ങളിൽ 8,336.73 കോടി രൂപയാണ് മൂലധനച്ചെലവായി രേഖപ്പെടുത്തിയത്. ഇത് വാർഷിക ലക്ഷ്യത്തിന്റെ 42.29 ശതമാനമാണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3,411.62 കോടി രൂപയുടെ വർധനവാണ് ഉണ്ടാക്കിയത് .
ഇതിൽ 4,335.53 കോടി രൂപ ഏപ്രിലിലും ബാക്കി 4,001.20 കോടി രൂപ മെയ് മുതൽ ജൂലൈ വരെയുള്ള മൂന്ന് മാസങ്ങളിലുമാണ് ചെലവഴിച്ചത്. എന്നാൽ ജൂലൈയിൽ മാത്രം മൂലധനച്ചെലവിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 260 കോടി രൂപയുടെ കുറവുണ്ടായി.






