ഡൽഹി: ഊബറില്‍ യാത്ര ചെയ്ത യാത്രക്കാരനെ വ്യാജ നിരക്ക് കാണിച്ച് കബളിപ്പിക്കാൻ ഡ്രൈവറുടെ ശ്രമം. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും ബുക്ക് ചെയ്ത ക്യാബിലെ ഡ്രൈവറില്‍ നിന്നാണ് യുവാവ് പറ്റിക്കപ്പെട്ടത്.
യാത്ര അവസാനിച്ചപ്പോള്‍ 1,780 രൂപ നിരക്കായെന്ന് ഡ്രൈവർ മൊബൈല്‍ ഫോണില്‍ സ്ക്രീൻഷോട്ട് കാണിച്ചെങ്കിലും 885 രൂപയായിരുന്നു യാത്രക്കാരന്റെ ആപ്പില്‍ രേഖപ്പെടുത്തിയിരുന്നത്. സംശയം തോന്നിയ യാത്രക്കാരൻ ഊബർ കസ്റ്റമർ സപ്പോർട്ടുമായി ബന്ധപ്പെട്ടതോടെ തട്ടിപ്പ് ശ്രമം പുറത്തായി. തട്ടിപ്പിന് ഇരയായ വിവരം യുവാവ് സോഷ്യല്‍ മീഡിയയിലൂടെയാണ് പങ്കുവച്ചത്. വിമാനത്താവളത്തില്‍നിന്നുള്ള ഊബർ ഡ്രൈവർമാരുടെ തട്ടിപ്പിനെക്കുറിച്ച് ജാഗ്രത പാലിക്കുക എന്ന തലക്കെട്ടിലാണ് യാത്രക്കാരൻ തന്റെ അനുഭവം പങ്കുവച്ചത്.
യാത്രയ്ക്കിടെ ഡ്രൈവർ പണം നേരിട്ട് നല്‍കുമോയെന്ന് ചോദിച്ചതാണ് ആദ്യം സംശയം ജനിപ്പിച്ചത്. ലക്ഷ്യസ്ഥാനത്തെത്തിയിട്ടും ഡ്രൈവർ ആപ്പില്‍ യാത്ര അവസാനിപ്പിച്ചില്ല. പകരം 1,780 രൂപയായെന്ന് നിരക്ക് കാണിക്കുന്ന സ്ക്രീൻഷോട്ട് ഫോണില്‍ പ്രദർശിപ്പിച്ചു. യാത്രക്കാരന് തന്നെ റേറ്റിംഗ് നല്കാൻ കഴിയുമെന്നും ഡ്രൈവർ പറഞ്ഞതായി കുറിപ്പില്‍ പറയുന്നു. നിരക്ക് ഉയർന്നതിനാല്‍ യാത്രക്കാരന്റെ ഫോണില്‍ യാത്ര അവസാനിപ്പിക്കുന്നതിന് കുറച്ചുസമയം എടുക്കുമെന്നായിരുന്നു വിശദീകരണം. ആദ്യം 1,780 നല്‍കണമെന്നും പിന്നീട് ഊബറിന് പരാതി നല്കി അധികമായി നല്കിയ തുക തിരികെ വാങ്ങാമെന്നും ഡ്രൈവർ നിർദേശിച്ചു.
എന്നാല്‍ യാത്രക്കാരന്റെ ആപ്പില്‍ അപ്പോഴും യാത്ര സജീവമായിരുന്നു. നിരക്ക് 885 രൂപയാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ആപ്പിലെ കസ്റ്റമർ കെയറില്‍ യാത്രക്കാരൻ സഹായം തേടി. ഉടൻതന്നെ ഊബർ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടതോടെ സംഭാഷണം ഡ്രൈവറെ കേള്‍പ്പിക്കുകയും ചെയ്തു. ഡ്രൈവറുടെ ഭാഗത്തും നിരക്ക് 885 രൂപ തന്നെയാണെന്നും യാത്ര അവസാനിച്ചിട്ടില്ലെന്നും പ്രതിനിധി സ്ഥിരീകരിച്ചു. തുടർന്ന് ആപ്പ് അടച്ച് വീണ്ടും തുറക്കാൻ ഡ്രൈവറോട് നിർദേശിച്ചു. എതിർപ്പൊന്നും കൂടാതെ ഡ്രൈവർ അതിന് തയ്യാറായെന്നും യാത്രക്കാരൻ പറഞ്ഞു. പിന്നീട് വീട്ടില്‍നിന്ന് വാഹനം ഓടിച്ചുപോയതിന് ഏകദേശം രണ്ടു മീറ്റർ കഴിഞ്ഞാണ് ഡ്രൈവർ യാത്ര അവസാനിപ്പിച്ചതെന്നും കുറിപ്പിലുണ്ട്.
യാത്ര അവസാനിച്ചെന്ന് ഡ്രൈവർ കാണിക്കുന്ന സ്ക്രീൻഷോട്ട് മാത്രം വിശ്വസിക്കാതെ സ്വന്തം ആപ്പിലെ യാത്രാവിവരങ്ങളും അന്തിമ നിരക്കും ഉറപ്പ് വരുത്തിയ ശേഷമേ പണം നല്‍കാവൂ എന്നാണ് യാത്രക്കാരന്റെ അനുഭവത്തിലൂടെ വ്യക്തമാക്കുന്നത്. നിരക്കില്‍ സംശയമുണ്ടെങ്കില്‍ പണം നല്കുന്നതിനു മുമ്പ് കസ്റ്റമർകെയറുമായി ബന്ധപ്പെടുന്നതും ഉചിതമാണ്.






