മലപ്പുറം : മലപ്പുറത്ത് കിണര്‍ നിര്‍മ്മാണത്തിനിടെ മുകള്‍ഭാഗത്തെ ആള്‍മറ തകര്‍ന്നുവീണ് അപകടം. പിന്നാലെ കിണറ്റിനുള്ളില്‍ കുടുങ്ങിയ രണ്ട് നിര്‍മാണ തൊഴിലാളികളെ മലപ്പുറം ഫയര്‍ ആന്‍ഡ് റെസ്ക്യൂ സംഘം സാഹസികമായി രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശികളായ കുമരേശന്‍ (33), സതീശ് (30) എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.
പരിക്കേറ്റ ഇരുവരെയും പിന്നീട് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. കുറുവ പൊരുന്നുംപറമ്പില്‍ അഷ്റഫിന്റെ വീട്ടുവളപ്പില്‍ കിണര്‍ നിര്‍മ്മാണം നടക്കുന്നതിനിടെയാണ് അപകടം. കിണറിന്റെ മുകള്‍ഭാഗത്തുണ്ടായിരുന്ന ഒറ്റവരി മതില്‍ക്കെട്ട് അപ്രതീക്ഷിതമായി തകര്‍ന്നുവീഴുകയായിരുന്നു.
കിണര്‍ കുഴിച്ചെടുത്ത മണ്ണ് മതിലിനോട് ചേര്‍ന്ന് കൂട്ടിയിട്ടിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മണ്ണിന്റെ അധികഭാരം താങ്ങാനാകാതെ മതില് ഇടിഞ്ഞുവീഴുകയായിരുന്നു. മതില് തകര്‍ന്നതോടെ കല്ലുകളും മണ്ണും കിണറ്റിനുള്ളിലേക്ക് പതിച്ചു. താഴെ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്കാണ് ഇവ വീണത്.
ഇടിഞ്ഞ കല്ലുകള്ക്കിടയില്പ്പെട്ട സതീശിന്റെ വലതുകാലിന്റെ പാദത്തിന് പൊട്ടലേറ്റു. സാരമായ പരുക്കേറ്റ ഇയാള്‍ക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരുക്കുണ്ട്. കുമരേശനും തോളെല്ലിന് ഉള്‍പ്പെടെ പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു.






