തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂള്‍, കോളെജ് വിദ്യാർഥികള്‍ക്ക് തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം അനുവദിക്കും.
മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതല്‍ 8 വരെ വിദ്യാർഥികള്‍ക്ക് സൗജന്യമായി പ്രവേശിക്കാമെന്ന് മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ അറിയിച്ചു.
സെൻട്രല്‍ സൂ അതോറിറ്റിയുടെ അംഗീകാരമുള്ള ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മൃഗശാലകളില്‍ ഒന്നാണിത്. നിലവില്‍ വിവിധ ഇനങ്ങളിലായി ആയിരത്തിലധികം മൃഗങ്ങളും പക്ഷികളും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. സിംഹം, കടുവ, കാണ്ടാമൃഗം, മാൻ വർഗ്ഗങ്ങള്‍, വിവിധയിനം പക്ഷികള്‍, ഉരഗങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
പൊതുജനങ്ങള്‍ക്കായി മൃഗശാല സാധാരണ ദിവസങ്ങളില്‍ രാവിലെ 9:00 മണി മുതല്‍ വൈകുന്നേരം 5:15 വരെ തുറന്നു പ്രവർത്തിക്കുന്നു. തിങ്കളാഴ്ച അവധിയാണ്. വന്യജീവികളെയും അവയുടെ സംരക്ഷണത്തെയും കുറിച്ച് വിദ്യാർഥികളില്‍ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യ പ്രവേശനം അനുവദിക്കുന്നത്.






