ചെന്നൈ: തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയ്ക്കെതിരെ സ്ത്രീവിരുദ്ധ പരമാർശം നടത്തിയെന്ന ആരോപണം പുതിയ തലത്തിലേക്ക്.
ഉദയനിധി സ്റ്റാലിനെ വിമർശിച്ച് പൊതുമരാമത്ത്-കായിക വികസന മന്ത്രിയും ടിവികെ ജനറല്‍ സെക്രട്ടറിയുമായ ആധവ് അർജുൻ നടത്തിയ പ്രസംഗമാണ് വിവാദമാകുന്നത്. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഉദയനിധി മാരൻ നിയമസഭംഗത്വം രാജിവെച്ച് ജനവിധി തേടണമെന്നും ഉദയനിധിക്കെതിരെ വെറുമൊരു പെണ്ണിനെ നിർത്തി മത്സരിപ്പിക്കും എന്നുമായിരുന്നു ആധവ് അർജുൻ പറഞ്ഞത്. വെറുമൊരു പെണ്ണ് എന്ന പരാമർശം അക്ഷരാർത്ഥത്തില്‍ തന്നെ സ്ത്രീവിരുദ്ധമാണ്. സ്ത്രീകളെ കേവലവത്ക്കരിക്കുന്ന പദപ്രയോഗമാണത്.
ചെപ്പാക്ക്-തിരുവല്ലിക്കേണി നിയമസഭാ മണ്ഡലത്തില്‍ രാജിവച്ച് വീണ്ടും ജനവിധി തേടാൻ ഉദയനിധി സ്റ്റാലിനെ വെല്ലുവിളിക്കവെയാണ് ആധവ് അർജുൻ പരസ്യമായി സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. "ടിവികെ വെറുമൊരു പെണ്ണിനെ അദ്ദേഹത്തിനെതിരെ മത്സരിപ്പിക്കും. ഞങ്ങളുടെ മുഖ്യമന്ത്രി വിജയ് ഒരിക്കല്‍ മാത്രം അവിടെ പ്രചാരണം നടത്തിയാലും ഉദയനിധിക്ക് നിക്ഷേപത്തുക പോലും നിലനിർത്താനാകില്ല," ആധവ് അർജുൻ പറഞ്ഞു. ഉദയനിധി സ്റ്റാലിൻ പരോക്ഷമായി സ്ത്രീവിരുദ്ധ പരാമർശം നടത്തി എന്നാണ് ആക്ഷേപം. എന്നാല്‍, ഇവിടെ സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി പരസ്യമായി, തന്റെ പാർട്ടിയുടെയും മുന്നണിയുടെയും എംഎല്‍എമാരുടെ മുന്നില്‍ നടത്തിയ പ്രസംഗത്തിലാണ് സ്ത്രീകളെ ഇകഴ്ത്തിക്കാട്ടുന്ന വാക്കുകള്‍ ഉപയോഗിച്ചത്.
അഴിമതി ഇല്ലാതാക്കുന്നതുപോലെ തന്നെ സ്ത്രീകളെ അപമാനിക്കുന്ന സംസ്കാരവും ഇല്ലാതാക്കുകയാണ് ടിവികെയുടെ പ്രധാന നയങ്ങളിലൊന്നെന്നായിരുന്നു ആധവ് അർജുന്റെ പ്രസംഗത്തിന്റെ ആദ്യ ഭാഗങ്ങളില്‍ പറഞ്ഞത്. എന്നാല്‍, പിന്നീട് പ്രസംഗം കത്തിക്കയറവെയാണ് വെറുമൊരു പെണ്ണ് എന്ന സ്ത്രീവിരുദ്ധ പരാമർശം അദ്ദേഹം നടത്തിയിരിക്കുന്നത്.






