റിയാദ്: സൗദി അറേബ്യയും പാകിസ്ഥാനും തുർക്കിയും ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാറിലെ പ്രധാന നിബന്ധനകൾ പുറത്തായി . 16 ആർട്ടിക്കിളുകളാണ് മക്ക പ്രതിരോധ കരാറിലുള്ളതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾ പത്തു വർഷത്തേക്ക് കരാറിൽ തുടരണമെന്നതാണ് ഇതിലെ പ്രധാനവ്യവസ്ഥ. പത്തുവർഷത്തിന് ശേഷം ഏതെങ്കിലും അംഗ രാജ്യങ്ങൾക്ക് കരാറിൽനിന്ന് പിന്മാറണമെന്നുണ്ടെങ്കിൽ മൂന്നുമാസം മുൻപ് നോട്ടീസ് നൽകണമെന്നും കരാറിന്റെ വ്യവസ്ഥകളിലുണ്ട് .
പുതിയ കരാറനുസരിച്ച് അംഗങ്ങളായ ഏത് രാജ്യത്തിനെതിരായ സായുധ ആക്രമണവും എല്ലാ രാജ്യങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കും. ഏതെങ്കിലും രാജ്യത്തിന് നേരേ ആക്രമണമുണ്ടായാൽ മറ്റ് അംഗരാജ്യങ്ങൾ ആവശ്യമായ സഹായം നൽകണം. അതേസമയം, എല്ലാ ആക്രമണങ്ങൾക്കും ഒരുപോലെയുള്ള സൈനിക തിരിച്ചടിയാണോ ഉണ്ടാകേണ്ടതെന്ന് കരാറിൽ പ്രത്യേകം പറയുന്നില്ല. അംഗരാജ്യങ്ങൾ നൽകുന്ന സഹായം അവരുടെ സാഹചര്യങ്ങളെയും സൈനികശേഷിയെയും ആശ്രയിച്ചിരിക്കുമെന്നും കരാറിലുണ്ട്.
ഓഗസ്റ്റ് ഏഴിന് റിയാദിൽ വെച്ചാണ് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗാൻ, സൗദി കിരീടാവകാശി സൽമാൻ രാജകുമാരൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എന്നിവർ മക്ക പ്രതിരോധ കരാറിൽ ഒപ്പിട്ടത്. അതേസമയം, അംഗീകാരത്തിനായി തുർക്കി തങ്ങളുടെ പാർലമെന്റിൽ കരാർ സമർപ്പിച്ചിട്ടുണ്ട്. നിലവിൽ ഹൂത്തികൾ സൗദിയ്ക്ക് നേരേ ആക്രമണം തുടരുന്ന സാഹചര്യത്തിൽ പുതിയ പ്രതിരോധ കരാറിനും വലിയ പ്രാധാന്യമുണ്ട്. ഒക്ടോബർ ആദ്യം റിയാദിൽ ചേർന്ന അടിയന്തര യോഗത്തിൽ പാകിസ്ഥാനും തുർക്കിയും സൗദിയ്ക്ക് സൈനിക സഹായം നൽകാൻ സന്നദ്ധത അറിയിച്ചിരുന്നു. സൗദിക്ക് ഏതുരീതിയിലുള്ള പിന്തുണയും നൽകാൻ തയ്യാറാണെന്നായിരുന്നു പാകിസ്ഥാൻ സൈനിക വക്തവായാ ലെഫ്. ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പ്രതികരിച്ചത് . സൗദിയ്ക്ക് സൈനിക ഉപകരണങ്ങളും ആയുധങ്ങളും ഇന്റലിജൻസ് സഹായങ്ങളും നൽകാൻ തയ്യാറാണെന്ന് തുർക്കി അധികൃതരും വ്യക്തമാക്കി. അതേസമയം, തങ്ങളുടെ സൈന്യത്തെ ആക്രമണങ്ങൾ നടത്താനായി മറ്റൊരു രാജ്യത്തേക്ക് അയക്കില്ലെന്നും തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ പറഞ്ഞിരുന്നു






