ചെന്നൈ:പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ തന്റെ വിജയത്തെ ചോദ്യം ചെയ്തുള്ള ഹർജി തള്ളണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് സമർപ്പിച്ച ഹർജി തള്ളി മദ്രാസ് ഹൈക്കോടതി.
പെരമ്പൂർ മണ്ഡലത്തിലെ വോട്ടറായ എസ് ദിനേശ് ആണ് ഹർജി സമർപ്പിച്ചത്.
ദിനേശിന്റെ ഹർജിയില്‍ നടപടിക്കുള്ള കാരണം വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാല്‍ ഹർജി
നിലനില്‍ക്കുമെന്നും മുഖ്യമന്ത്രിയുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് വി.ലക്ഷ്മിനാരായണൻ വ്യക്തമാക്കി.
തമിഴക വെട്രി കഴകം (ടിവികെ) മേധാവി വിജയ് നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തില്‍ നിരവധി
സ്വത്ത് ഇടപാടുകളുടെ വിവരങ്ങള്‍ മറച്ചുവയ്ക്കുകയും തെറ്റായി പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ദിനേശ് സമർപ്പിച്ച ഹർജിയില്‍ ആരോപിക്കുന്നത്.
വിജയ്യുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ദിനേശ് മദ്രാസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
2026 ജനുവരിയില്‍ പൻറുട്ടിയില്‍ മൂന്ന് ഏക്കർ വസ്തു 30 കോടി രൂപയ്ക്ക് വാങ്ങിയതും
35 കോടി രൂപയ്ക്ക് പാഡിയില്‍ വാണിജ്യ വസ്തു വിറ്റതും വിജയ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഹർജിയില്‍ ദിനേശ് ആരോപിക്കുന്നു.
കൊടൈക്കനാലില്‍ വിജയ് കൃഷിഭൂമിയായി പ്രഖ്യാപിച്ച 50 സെന്റ് വസ്തു രേഖകളില്‍ സർക്കാർ ഭൂമിയായി തരംതിരിച്ചിട്ടുണ്ടെന്നും ദിനേശ് തന്റെ ഹർജിയില്‍ ചൂണ്ടിക്കാട്ടി.






