തൃശ്ശൂർ: വടൂക്കരയില്‍ മദ്യലഹരിയില്‍ റെയില്‍വേ ഗേറ്റ് ജീവനക്കാർ നടത്തിയ അക്രമം പരിഭ്രാന്തി പരത്തി. ഗേറ്റ് പലതവണ ഉയർത്തിയും താഴ്ത്തിയും ചെയ്തതിന് പിന്നാലെ ചോദ്യം ചെയ്യാനെത്തിയ നാട്ടുകാർക്ക് നേരെ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ രണ്ടുപേർ പിടിയിലായി.
നെടുപുഴ റെയില്‍വേ ഗേറ്റിലെ ജീവനക്കാരനായ രാജേഷ്, വടൂക്കര ഗേറ്റിലെ ജീവനക്കാരനായ ബിനു എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
വടൂക്കര റെയില്‍വേ ഗേറ്റിന് സമീപത്തെ ഷെഡിലിരുന്ന് മദ്യപിച്ച ശേഷമാണ് ഇരുവരും ഗേറ്റ് തുടർച്ചയായി ഉയർത്തുകയും താഴ്ത്തുകയും ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ ചോദ്യം ചെയ്തതോടെ ജീവനക്കാർ പ്രകോപിതരായി. തുടർന്ന് പരിസരത്തെ പുല്ലും കാടും വെട്ടിമാറ്റാൻ ഉപയോഗിക്കുന്ന നീളമുള്ള കത്തിയുമായി നാട്ടുകാർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ആർ.പി.എഫിന് കൈമാറി. സംഭവത്തിനിടെ ട്രെയിൻ ഗതാഗതം തടസ്സപ്പെടാതിരുന്നത് ആശ്വാസമായി.






