ഹാമില്ട്ടണ്: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് തോല്‍വി.
ഹാമില്ട്ടണ്, സെഡ്ഡണ്‍ പാര്‍ക്കില്‍ നടന്ന അവസാന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്.
ഇഷാന് കിഷന് (32 പന്തില്‍ 61), ശ്രേയസ് അയ്യര്‍ (23 പന്തില്‍ 50) എന്നിവര്‍ ഇന്ത്യക്ക് വേണ്ടി തിളങ്ങി. മറുപടി ബാറ്റിംഗിനെത്തിയ ആതിഥേയര്‍ 18 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ടിം സീഫെര്‍ട്ട് (50 പന്തില്‍ 93), ഗ്ലെന്‍ ഫിലിപ്സ് (38 പന്തില്‍ പുറത്താവാതെ 65) എന്നിവരുടെ ഇന്നിംഗ്സുകളാണ് കിവീസിന് അനായാസ വിജയം സമ്മാനിച്ചത്. നേരത്തെ, ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയിരുന്നു. ഫിലിപ്സാണ് പരമ്പരയിലെ താരം.
സീഫെര്‍ട്ടിന് പുറമെ ഫിന് അലന് (2), ഡാരില്‍ മിച്ചല്‍ (29) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ബെവോണ്‍ ജേക്കബ്സ് (1), ഫിലിപ്സിനൊപ്പം പുറത്താവാതെ നിന്നു. 50 പന്തുകള്‍ മാത്രം കളിച്ച സീഫെര്‍ട്ട് അഞ്ച് സിക്സും 11 ഫോറും ഉള്‍പ്പെടെയാണ് 93 റണ്‍സ് നേടിയത്.
ഫിലിപ്സിന്റെ ഇന്നിംഗ്സില്‍ മൂന്ന് സിക്സും എട്ട് ഫോറുമുണ്ടായിരുന്നു. അലന്റെ വിക്കറ്റ് തുടക്കത്തില്‍ ന്യൂസിലന്‍ഡിന് നഷ്ടമായെങ്കിലും മിച്ചലിനൊപ്പം 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ സീഫെര്‍ട്ടിന് സാധിച്ചിരുന്നു. ശേഷം ഫിലിപ്സിനൊപ്പം 86 റണ്‍സും ചേര്‍ക്കാന്‍ സീഫെര്‍ട്ടിന് സാധിച്ചു.
എന്നാല്‍ വിജയത്തിനരികെ, സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ താരം പുറത്താവുകയായിരുന്നു.






