ഡല്‍ഹി: യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാൻ ഇന്ത്യൻ റെയില്‍വേ. നാളെ മുതല്‍ ഈ മാസം 31വരെ സെൻട്രല്‍ റെയില്‍വേ ശൃംഖലയില്‍ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം നടത്തും.
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തുന്നതിനൊപ്പം ഇളവ് ലഭിക്കുന്ന ടിക്കറ്റുകള്‍, പ്രത്യേക ക്വാട്ടയിലെ റിസർവേഷൻ, റെയില്‍വേ പാസ്, ഗ്രൂപ്പ് ബുക്കിംഗ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കും.
ഇളവ് ലഭിക്കുന്ന നിരക്കിലോ പ്രത്യേക റിസർവേഷൻ ക്വാട്ടയിലോ ടിക്കറ്റ് എടുത്തവർ തങ്ങള്‍ക്ക് ആ ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് തെളിയിക്കുന്ന ഒറിജിനല്‍ തിരിച്ചറിയല്‍ രേഖ കൈവശം കരുതണം. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന രേഖയുടെ ഫോട്ടോയോ ഫോട്ടോകോപ്പിയോ മാത്രം ആശ്രയിക്കരുതെന്നാണ് റെയില്‍വേ നിർദേശം.
ഏതെല്ലാം തിരിച്ചറിയല്‍ രേഖകള്‍ അംഗീകരിക്കും?
റെയില്‍വേ നിയമപ്രകാരം താഴെപ്പറയുന്ന രേഖകള്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
ആധാർ കാർഡ്
പാസ്പോർട്ട്
പാൻ കാർഡ്
ഡ്രൈവിംഗ് ലൈസൻസ്
വോട്ടർ ഫോട്ടോ തിരിച്ചറിയല്‍ കാർഡ്
കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നല്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാർഡ്
അംഗീകൃത സ്കൂള്‍/കോളേജ് നല്കുന്ന ഫോട്ടോ പതിച്ച വിദ്യാർത്ഥി തിരിച്ചറിയല്‍ കാർഡ്
ഫോട്ടോ പതിച്ച ദേശസാല്‍കൃത ബാങ്ക് പാസ്ബുക്ക്
ഫോട്ടോ പതിച്ച ലാമിനേറ്റ് ചെയ്ത ബാങ്ക് ക്രെഡിറ്റ് കാർഡ്.
ഗ്രൂപ്പ് ടിക്കറ്റുള്ളവർ ശ്രദ്ധിക്കണം
ഒരേ ടിക്കറ്റില്‍ ഒന്നിലധികം പേർ യാത്ര ചെയ്യുന്ന സാഹചര്യത്തിലും പരിശോധന കർശനമാക്കും. ഗ്രൂപ്പ് ടിക്കറ്റില്‍ ഉള്‍പ്പെട്ട കുറഞ്ഞത് ഒരാള്‍ എങ്കിലും നിർദേശിച്ച ഒറിജിനല്‍ തിരിച്ചറിയല്‍ രേഖ കൈവശം കരുതണം. രേഖ ഹാജരാക്കാൻ കഴിയാത്ത പക്ഷം ബാധകമായ റെയില്‍വേ നിയമപ്രകാരം സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്തതായി കണക്കാക്കാൻ സാദ്ധ്യതയുണ്ട്.
ഇ-പാസ്, പി.ടി.ഒ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം
ഇ-പാസ് അല്ലെങ്കില്‍ പ്രിവിലേജ് ടിക്കറ്റ് ഓർഡർ (പിടിഒ) ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്കും രേഖാ പരിശോധന ഉണ്ടാകും. ഇവർ ആവശ്യമായ ഒറിജിനല്‍ തിരിച്ചറിയല്‍ രേഖ കൈവശം കരുതുന്നതിനൊപ്പം യാത്രയ്ക്ക് മുമ്പ് ഇ-പാസ്/പിടിഒ നിർദേശിച്ച രീതിയില്‍ അതോറിറ്റി ടു ട്രാവല്‍ ആയി മാറ്റിയിട്ടുണ്ടെന്നും ഉറപ്പാക്കണം.
അണ് റിസർവ്ഡ് ടിക്കറ്റുകള്‍ക്കും പരിശോധന
അണ് റിസർവ്ഡ് ടിക്കറ്റുകളും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും. ടിക്കറ്റിന്റെ സാധുത പരിശോധിക്കാൻ ആവശ്യമായ സാഹചര്യങ്ങളില്‍ റെയില്‍വേ ജീവനക്കാർ ടിടിഇ ആപ്പ് ഉപയോഗിക്കും. സാധുവായ ടിക്കറ്റുമായി യാത്ര ചെയ്യണമെന്നും പരിശോധനാ ജീവനക്കാരുമായി സഹകരിക്കണമെന്നും സെൻട്രല്‍ റെയില്‍വേ യാത്രക്കാരോട് അഭ്യർത്ഥിച്ചു.
ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ കനത്ത പിഴ
സാധുവായ ടിക്കറ്റോ യാത്രാനുമതിയോ ഇല്ലാതെ യാത്ര ചെയ്താല്‍ ഈടാക്കുന്ന കുറഞ്ഞ അധിക ചാർജ് 2026 ജൂണ്‍ 20 മുതല്‍ 250 രൂപയില്‍ നിന്ന് 500 രൂപയായി ഉയർത്തിയിട്ടുണ്ട്. അതിനാല്‍ ടിക്കറ്റും ആവശ്യമായ രേഖകളും ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് ഉയർന്ന സാമ്പത്തിക പിഴ നേരിടേണ്ടിവരും.






