തിരുവനന്തപുരം: റിസർവേഷൻ ടിക്കറ്റുണ്ടായിട്ടും യുവതിയെ അർദ്ധരാത്രി ട്രെയിനിൽനിന്ന് ഇറക്കിവിടുകയും വ്യാജ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ റെയിൽവേ
രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് ഈ നിർണായക വിധി പ്രസ്താവിച്ചത്.
തുക ഒരു മാസത്തിനകം പരാതിക്കാരിക്ക് കൈമാറണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽനിന്ന് ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്ക് അന്വേഷണം നടത്തി ഈ തുക ഈടാക്കാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
തൃശൂർ എരുമപ്പെട്ടി സ്വദേശിനിയും തിരുവനന്തപുരത്ത് താമസക്കാരിയുമായ കെ. ജയസ്മിത നൽകിയ പരാതിയിലാണ് നടപടി.
2023 ജൂലൈ 30-ന് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിൽ (16348) വടക്കാഞ്ചേരിയിൽനിന്ന് തിരുവനന്തപുരത്തേക്ക് എസ് 4 കംപാർട്ട്മെന്റിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.
ടിക്കറ്റ് ബുക്കിങ് ക്ലാർക്ക് മൊബൈൽ നമ്പർ തെറ്റായി രേഖപ്പെടുത്തിയതാണ് തിരിച്ചടിയായത്. ഈ മെസേജ് ലഭിച്ച അപരിചിതൻ ടിക്കറ്റ് ഓൺലൈനായി കാൻസൽ ചെയ്യുകയായിരുന്നു.
കൗണ്ടർ ടിക്കറ്റ് എങ്ങനെ കാൻസൽ ആകുമെന്ന് വിനയപൂർവം ചോദിച്ച യാത്രക്കാരിയോട് ടി.ടി.ഇ മോശമായി പെരുമാറി. 500 രൂപ പിഴയടക്കാൻ ആവശ്യപ്പെടുകയും, പണമില്ലെന്ന് അറിയിച്ചതോടെ ആലുവ സ്റ്റേഷനിൽ വെച്ച് ആർ.പി.എഫിന് കൈമാറുകയും ചെയ്തു.
ടിക്കറ്റില്ലാതെ യാത്ര ചെയ്തെന്ന് ആരോപിച്ച് ആർ.പി.എഫ് കേസെടുത്ത് ജാമ്യത്തിൽ വിട്ടു. പിന്നീട് റെയിൽവേയുടെ സ്വന്തം അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ പിഴവാണെന്ന് ബോധ്യപ്പെട്ടതോടെ ഈ കേസ് പിൻവലിച്ചു.
രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളെ ട്രെയിനിൽനിന്ന് ഇറക്കിവിടരുതെന്ന നിയമവും റെയിൽവേ ആക്ടിലെ 137, 139 സെക്ഷനുകളും പൂർണമായി ലംഘിക്കപ്പെട്ടു.
തെറ്റായ ക്രിമിനൽ കേസിൽപ്പെട്ടതോടെ പരാതിക്കാരിക്ക് സർക്കാരിലുണ്ടായിരുന്ന കരാർ ജോലി നഷ്ടമായി.
ഇതിൽ ആശ്വാസം തേടി സർക്കാരിന് അപേക്ഷ നൽകാനും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഒരു മാസത്തിനകം തീരുമാനമെടുക്കാനും കമ്മിഷൻ നിർദ്ദേശിച്ചു.
ആറാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ 8% പലിശ കൂടി നൽകേണ്ടി വരും. കൂടാതെ,
രാത്രിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് റെയിൽവേ ജീവനക്കാർക്കായി ഉടൻ പുതിയ സർക്കുലർ ഇറക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.






