കോട്ടയം: കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നവജാതശിശു കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നു.
സംഭവത്തില്‍ പോലീസ് രണ്ടാമത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതരസംസ്ഥാനക്കാരിയായ യുവതി പ്രസവിച്ച കുഞ്ഞിനെ വിറ്റ സംഭവത്തിലാണ് നിലവില്‍ കോട്ടയം പോലീസ് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് തൊടുപുഴ പോലീസിന് കൈമാറിയത്.
അസം സ്വദേശിയായ 22-കാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തുടരന്വേഷണത്തിലാണ് മറ്റ് രണ്ട് യുവതികള്‍ പ്രസവിച്ച കുഞ്ഞുങ്ങളെയും സമാന രീതിയില്‍ വില്‍പ്പന നടത്തിയതായി പോലീസ് കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളോ മറ്റ് പ്രശ്നങ്ങളോ ഉള്ള ഇതരസംസ്ഥാനക്കാരായ ഗർഭിണികളെ ഇൻസ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ വഴി പ്രതികള്‍ കണ്ടെത്തും. സൗജന്യ പ്രസവ ശുശ്രൂഷ വാഗ്ദാനം ചെയ്ത് ഇവരുമായി നിരന്തരം ചാറ്റ് ചെയ്യുകയും തുടർന്ന് ഇവരെ കേരളത്തില്‍ എത്തിക്കുകയുമാണ് രീതി. ജനിക്കുന്ന കുഞ്ഞുങ്ങളെ കേരളത്തില്‍ തന്നെയുള്ള ആളുകള്‍ക്ക് ഉയർന്ന തുകയ്ക്ക് വില്‍ക്കുകയായിരുന്നു.
കൊല്ലം സ്വദേശിയായ അനീന എന്ന യുവതിയാണ് കേസിലെ പ്രധാന ഇടനിലക്കാരി. ഈരാറ്റുപേട്ട കേസിലെ പ്രതിയായ തിരുനെല്‍വേലി സ്വദേശി രാജൻ, വാഗമണ്‍ സ്വദേശി അർജുൻ എന്നിവർ ഇതിനകം പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇതില്‍ രണ്ടാമത്തെ കേസില്‍ രാജനെയും മറ്റ് നാലുപേരെയും പ്രതി ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. ഭർത്താവുമായി പിരിഞ്ഞ 22-കാരിയായ അസം സ്വദേശിനി പ്രസവ സഹായത്തിനായി ഇൻസ്റ്റഗ്രാമില്‍ നല്കിയ പോസ്റ്റ് കണ്ടാണ് പ്രതികള്‍ ബന്ധപ്പെട്ടത്. എന്നാല്‍ കുഞ്ഞിനെ വില്‍ക്കാനാണ് പദ്ധതി എന്ന് തിരിച്ചറിഞ്ഞ ഏഴു മാസം ഗർഭിണിയായ യുവതി ഇതിനെ എതിർക്കുകയും, വാക്കുതർക്കത്തിന് പിന്നാലെ പോലീസിനെ സമീപിക്കുകയുമായിരുന്നു.






