ശൂർ: പ്രതിഷേധങ്ങള്‍ ശക്തമായതോടെ, തൃശൂർ നാട്ടിക ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് വീണ്ടും നിർത്തിവച്ചു. ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിദഗ്ധ സമിതി ദേശീയപാത 66-ല്‍ പരിശോധന നടത്തിയ ശേഷം ആയിരിക്കും ടോള്‍ പിരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. അതേസമയം, റോഡ് പണി പൂർത്തിയാകാതെ ടോള്‍ പിരിവ് തുടങ്ങിയാല്‍ തടയുമെന്ന് എല്‍ഡിഎഫും പ്രഖ്യാപിച്ചു.
പ്രതിഷേധങ്ങള്‍ക്ക് ശേഷം നിർത്തിവെച്ച തൃശൂർ നാട്ടികയിലെ ടോള്‍ പിരിവ് രഹസ്യമായി പുനരാരംഭിക്കാനായിരുന്നു കമ്പനിയുടെ നീക്കം. എന്നാല്‍ രാവിലെ എല്‍ഡിഎഫും വൈകിട്ട് യുഡിഎഫും ടോള്‍ പ്ലാസ ഉപരോധം നടത്തി. ടോള്‍ പിരിക്കില്ല എന്ന് പൊതുമരാമത്ത് മന്ത്രി നല്കിയ ഉറപ്പു കൂടി പാഴ് വാക്കായി എന്ന പ്രചാരണവുമായി എല്‍ഡിഎഫ് രംഗത്ത് വന്നപ്പോള്‍ ഒടുവില്‍ ജില്ലാ ഭരണകൂടവും സർക്കാരും ഇടപെടുകയായിരുന്നു. ടോള്‍ പിരിവ് വീണ്ടും നിർത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റി കരാർ കമ്പനിയോട് ആവശ്യപ്പെട്ടു.
ജില്ലാ ഭരണകൂടവും ദേശീയപാത അതോറിറ്റിയും അടങ്ങുന്ന വിദഗ്ധ സമിതിയുടെ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ടോള്‍ പിരിവ് തുടങ്ങൂ എന്നാണ് ഏറ്റവും ഒടുവിലത്തെ ഉറപ്പ്. ഉറപ്പ് പാലിച്ചില്ലെങ്കില്‍ സമരം ടോള്‍ പ്ലാസയും കടന്ന് തൃശ്ശൂർ കളക്ടറേറ്റ് മുന്നിലേക്ക് ആയിരിക്കും എന്ന് എല്‍ഡിഎഫും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.






