കൊച്ചി: സ്കൂള്‍ സമയങ്ങളില്‍ ടിപ്പറുകള്‍ പരക്കംപായുന്നത് അവസാനിപ്പിക്കാൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പ്.
സ്കൂള്‍ സമയങ്ങളില്നിലവിലുള്ള വിലക്ക് ലംഘിച്ച് സർവീസ് നടത്തിയ ടിപ്പർ ലോറികള്‍ക്കും അമിതഭാരം കയറ്റിയ വാഹനങ്ങള്‍ക്കുമെതിരെ പെരുമ്പാവൂർ മേഖലയില്‍ മോട്ടോർ വാഹന വകുപ്പ് വ്യാപക പരിശോധന നടത്തി.
എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇതില്‍ 89 കേസുകളിലായി 2,68,750 രൂപ പിഴ ഈടാക്കി.
നാല് എൻഫോഴ്സ്മെന്റ് സ്ക്വാഡുകളായി തിരിഞ്ഞ് പെരുമ്പാവൂർ, കുറുപ്പംപടി, കോട്ടപ്പടി, നെടുങ്ങപ്ര എന്നിവിടങ്ങളിലായിരുന്നു പരിശോധന. പരിശോധനയില്‍ നിരോധിത സമയത്ത് ഓടിയ ഏഴ് ടിപ്പർ ലോറികള്‍ക്കെതിരെ കേസെടുത്തു.
വാഹനത്തിൻ്റെ ബോഡിയില്‍ നിയമവിരുദ്ധ മാറ്റങ്ങള്‍ വരുത്തിയ ഏഴ് ടിപ്പറുകള്‍ക്ക് 45,000 രൂപ പിഴ ചുമത്തി. നികുതി അടയ്ക്കാത്ത രണ്ട് വാഹനങ്ങളും പിടിയിലായി. അനുവദനീയമായതിലും കൂടുതല്‍ ഭാരം കയറ്റിയ രണ്ട് വാഹനങ്ങളില്‍ നിന്നായി 65,000 രൂപ പിഴ ഈടാക്കി.
വിവിധ നിയമലംഘനങ്ങള്‍ക്ക് 71 കേസുകള്‍ വേറെയും രജിസ്റ്റർ ചെയ്തു. സ്കൂള്‍ സമയത്തെ ടിപ്പർ സർവീസും റോഡ് സുരക്ഷയ്ക്കും വിദ്യാർഥികളുടെ ജീവനും ഒരുപോലെ ഭീഷണിയാണെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു. വാഹന ഉടമകളും ഡ്രൈവർമാരും സമയക്രമവും അനുവദനീയമായ ഭാരപരിധിയും കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ടിപ്പറുകളുടെ സമയക്രമം ഇങ്ങനെ
ടിപ്പറുകള്‍ ഓടാൻ പാടില്ലാത്ത സമയം വ്യക്തമാക്കി എംവിഡി നേരത്തെ തന്നെ ഉത്തരവിറക്കിയിട്ടുണ്ട്. നിർദേശം പാലിക്കാത്തവർക്കെതിരെ പൊലീസും മോട്ടോർ വാഹന വകുപ്പും കർശന നടപടി സ്വീകരിക്കേണ്ടതുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ രാവിലെ 8 - 10 വരെയും വൈകിട്ട് 3 - 4.30 വരെയും ടിപ്പറുകള്‍ക്ക് ഓടാൻ പാടില്ല. കൊല്ലത്ത് രാവിലത്തെ സമയം 8.30 മുതല്‍ 10 വരെയാണ്. വൈകിട്ട് 3.30 - 4.30 വരെയും ടിപ്പർ ഓടിക്കരുതെന്നാണ് നിർദേശം.
പത്തനംതിട്ടയില്‍ രാവിലെ 8.30 മുതല്‍ 10 വരെ ടിപ്പർ ഓടരുത്. വൈകിട്ട് 3 മുതല്‍ 4.30 വരെയും ഓടിക്കൂടാ. ആലപ്പുഴയില്‍ രാവിലെ 8.30നും 10നും ഇടയില്‍ ടിപ്പറുകള്‍ക്ക് വിലക്കുണ്ട്. വൈകിട്ട് 3.30 - 5 വരെയും ഓടിക്കാൻ പാടില്ല.
കോട്ടയം ജില്ലയില്‍ രാവിലെ 8.30നും 9.30നും ഇടയില്‍ ടിപ്പറുകള്‍ക്ക് നിയന്ത്രണസമയമാണ്. വൈകിട്ട് 3.30-4.30നും ഇടയില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇടുക്കിയില്‍ രാവിലെ 8.30-10 വരെയും വൈകിട്ട് 4 മുതല്‍ 5 വരെയും നിയന്ത്രണമുണ്ട്. എറണാകുളത്ത് 8.30നും 10നും ഇടയ്ക്ക് ഓടരുത്. വൈകിട്ട് 4-5 വരെ നിയന്ത്രണമുണ്ട്.
എറണാകുളം ജില്ലയില്‍ രാവിലെ 8.30-10 വരെയും വൈകിട്ട് 4നും 5നും ഇടയ്ക്കും ടിപ്പറുകള്‍ക്ക് നിയന്ത്രണമാണ്. തൃശൂരില്‍ രാവിലെ 8.30നും 10നും ഇടയില്‍ ടിപ്പറുകള്‍ ഓടിക്കൂടാ. തൃശൂരില്‍ വൈകിട്ട് 3.30-5ന് ഇടയിലാണ് നിയന്ത്രണം.
പാലക്കാട് രാവിലെ 8.30നും 10 വരെയും വൈകിട്ട് 3.30-5 വരെയും മലപ്പുറത്ത് രാവിലെ 8.30-10 വരെയും വൈകിട്ട് 3.30 മുതല്‍ 5 വരെയും നിയന്ത്രണ സമയം.
കോഴിക്കോട്, വയനാട് ജില്ലകളില്‍ രാവിലെ 8.30-10 വരെയും വൈകിട്ട് 3.30-3.30 വരെയാണ് നിയന്ത്രണം.
കണ്ണൂരില്‍ രാവിലെ 8-10 വരെയും വൈകിട്ട് 4-6 വരെയും കാസർകോഡ് രാവിലെ 9-10 വരെയും വൈകിട്ട് 4-5 വരെയുമാണ് സമയ നിയന്ത്രണം.






