മുംബൈ: നടൻ ടൈഗർ ഷ്റോഫിന് എതിരായ വെടിവയ്പ്പ് കേസില്‍ രണ്ട് പേർ കൂടി പോലീസിന്റെ പിടിയിലായി.
അക്രമികള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കിയവരാണ് പിടിയിലായത്.
ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം പത്തായി ഉയർന്നു.
അറസ്റ്റിലായവർ പോലീസിന്റെ കണ്ണുവെട്ടിക്കുന്നതിനായി മുംബൈയില്‍ തങ്ങളുടെ താമസസ്ഥലം പലതവണ മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് പിടികൂടിയ നാല് പേരെ ഇന്ന് പുലർച്ചെയോടെ മുംബൈയിലേക്ക് എതിച്ചു.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് പ്രതികളുടെ നീക്കങ്ങളെ കുറിച്ച് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ കിട്ടി. ബോളിവുഡ് താരം സല്മാൻ ഖാനെ ലക്ഷ്യമിട്ടെത്തിയ സംഘം, പിന്നീട് സുരക്ഷ താരതമ്യേന കുറവുള്ള മറ്റ് പ്രമുഖ നടന്മാരെ ലക്ഷ്യമാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി റണ്‍ബീർ കപൂറിന്റെ ബാന്ദ്രയിലെ വീടും ഈ സംഘം നിരീക്ഷിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.
കോട്ടയില്‍ നിന്ന് പിടിയിലായ ഫൂല് സിംഗ്, റൈഹാൻ അൻസാരി, റിതിക് കുമാർ എന്നീ മൂന്ന് ഷൂട്ടർമാരെയും മുംബൈയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി. ഇവരെ ഒക്ടോബർ 31 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതികള്‍ 25000 രൂപ മുടക്കി സെക്കൻ്റ് ഹാൻ്റ് ബൈക്ക് വാങ്ങിയിരുന്നതായും റൈഹാൻ അൻസാരിയുടെ അക്കൗണ്ടിലേക്ക് 37,000 രൂപ മാറ്റിയതായും പൊലീസിൻ്റെ അന്വേഷണത്തില്‍ വ്യക്തമായി.
ഷൂട്ടർമാർ ഉപയോഗിച്ച തോക്കുകള്‍ ഇനിയും കണ്ടെത്താനായിട്ടില്ല. ഇത് അന്വേഷണത്തില്‍ വെല്ലുവിളിയാണ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചതും തിരിച്ചടിയാണ്.






