ശിവമോഗ: കർണാടകത്തിൽ ദസറ ആഘോഷത്തിനിടെ
ജംബൂ സവാരിക്കിടെ ആനയിടഞ്ഞു.
ശിവമോഗ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹവുമായി പോവുകയായിരുന്ന 'സോമണ്ണ' എന്ന ആന ആണ് ഇടഞ്ഞോടിയത്.
ഒരു മണിക്കൂറോളം ആന ഭീതി പരത്തി. ഒടുവിൽ മൃഗഡോക്ടർമാർ മയക്കുവെടി വെച്ചാണ് ആനയെ തളച്ചത്.
രണ്ട് കാറുകൾക്ക് ആന കേടുപാട് വരുത്തി. പാപ്പാന് പരിക്കേറ്റിട്ടുണ്ട്.
ഘോഷയാത്രയുടെ തുടക്കത്തിൽ വളരെ ചിട്ടയോടെയാണ് സോമണ്ണ മുന്നോട്ട് പോയത്.
കോട്ടേ റോഡിലെ ജെയിൻ ഭവൻ വരെ അമ്പാരി (ആനയുടെ മുതുകിൽ വെച്ചുകെട്ടുന്ന ചതുരക്കൂട്) വഹിച്ച് സോമണ്ണ ശാന്തനായിരുന്നു.
മുന്നിൽ സാഗർ എന്ന ആനയും പിന്നിൽ ബഹദൂർ എന്ന ആനയും അകമ്പടിയുണ്ടായിരുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും വടം കെട്ടി സുരക്ഷയൊരുക്കിയിരുന്നു.
ആനകളുടെ സ്ഥാനത്തിൽ വരുത്തിയ ചെറിയൊരു മാറ്റമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
മുന്നിലുണ്ടായിരുന്ന സാഗറിനെ വനം വകുപ്പ് പിന്നിലേക്ക് മാറ്റുകയും അമ്പാരി വഹിച്ചിരുന്ന സോമണ്ണയെ മുന്നിലേക്ക് കൊണ്ടുവരികയും ചെയ്തു.






